കറുത്ത മാസ്‌കും വസ്ത്രവും വേണ്ട; വിശ്വാസികളോട് കോഴിക്കോട് ലത്തീന്‍ രൂപത

മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തുന്നവര്‍ കറുത്ത വസ്ത്രവും മാസ്‌കും ഒഴിവാക്കണമെന്ന് കോഴിക്കോട് ലത്തീന്‍ രൂപത. പരിപാടിക്കെത്തുന്ന വിശ്വാസികള്‍ക്ക് രൂപത ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി.

മലപ്പുറത്തും കോഴിക്കോടും വന്‍ പ്രതിഷേധ പരമ്പരകള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍. തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടന വേദിയിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരെ തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. കറുത്ത മാസ്‌ക്കണിഞ്ഞ് ഉദ്ഘാടന വേദിയില്‍ എത്തിയവര്‍ക്ക് പകരം മഞ്ഞ മാസ്‌ക്ക് നല്‍കിയാണ് പ്രവേശനം അനുവദിച്ചത്.

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് കരിങ്കൊടി കാണിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നാല് പേരെ കരുതല്‍ തടങ്കലിലാക്കിയത്.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം എ എം നിധിഷ്, കടങ്ങോട് മണ്ഡലം പ്രസിഡണ്ട് അസ് ലം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രഞ്ചില്‍, വിഗ്നേശ്വര പ്രസാദ് എന്നിവരെ ഇന്ന് രാവിലെ വീടുകളിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലിലാക്കിയത്.

മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പൊലീസുകാരെയാണ് വിന്യസിച്ചത്. എസ് പി നേരിട്ടാണ് സുരക്ഷക്ക് മേല്‍നോട്ടം വഹിക്കുന്നത്. മുഴുവന്‍ ഡിവൈഎസ്പിമാരും മുഖ്യമന്ത്രിയുടെ പരിപാടിക്ക് സുരക്ഷ ഒരുക്കുന്നുണ്ട്. 20 സിഐ മാര്‍ക്കാണ് ചുമതല നല്‍കിയിട്ടുള്ളത്.