നിലമ്പൂരങ്കം; എം സ്വരാജും പിവി അൻവറും മോഹൻ ജോർജും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജും തൃണമൂൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി പിവി അൻവറും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് പ്രചാരണപ്രവർ‌ത്തനങ്ങൾക്ക് ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്.

എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് രാവിലെ 10.30ഓടെ പ്രകടനമായെത്തിയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. എൻഡിഎ സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് ഉച്ചക്ക് പന്ത്രണ്ടിന് നിലമ്പൂർ ജ്യോതിപ്പടിയിൽ നിന്നും പ്രകടനമായി എത്തി 1.30യ്ക്കാണ് പത്രിക സമർപ്പണം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തുടങ്ങി നേതാക്കൾ സ്ഥാനാർത്ഥിയെ അനുഗമിക്കും.

തൃണമൂൽ കോൺ​ഗ്രസ് സ്ഥാനാർഥിയായി പിവി അൻവർ നിലമ്പൂർ താലൂക് ഓഫീസിൽ എത്തിയാണ് പത്രിക സമർപ്പിക്കുക. നിലമ്പൂർ ചന്തക്കുന്നിൽ നിന്നും പത്ത് മണിയോടെ പ്രവർത്തകർക്ക് ഒപ്പം പ്രകടനമായി എത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനാണ് തീരുമാനം. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് നടക്കും. ഇന്ന് വൈകിട്ട് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

Read more

പിവി അൻവർ കൂടി മത്സരരംഗത്തേക്ക് എത്തിയതോടെ സമീപകാലത്ത് രാഷ്ട്രീയ കേരളം കണ്ട വലിയ ഉപതിരഞ്ഞെടുപ്പ് പോരാട്ടമാണ് നിലമ്പൂരിൽ നടക്കുന്നത്. മത്സരം കടുത്തതോടെ കൂടുതൽ നേതാക്കളെ രംഗത്തിറക്കാനാണ് യുഡിഎഫ് തീരുമാനം. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ മണ്ഡലത്തിൽ ക്യാമ്പ് ചെയ്യും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഏകോപന ചുമതല പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഏറ്റെടുത്തേക്കും. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മണ്ഡലത്തിൽ തുടരുന്നുണ്ട്. പ്രചാരണത്തിന്റെ അവസാനഘട്ടം സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് വോട്ട് തേടാൻ പ്രിയങ്ക ഗാന്ധിയും മണ്ഡലത്തിൽ എത്തിയേക്കും എന്നാണ് സൂചന.