പന്തീരങ്കാവ് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് എന്‍.ഐ.എ; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

പന്തീരങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍ഐഎ ആവശ്യം. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യം റദ്ദാക്കിയതിനെതിരെ ത്വാഹാ ഫൈസല്‍ നല്‍കിയ ഹര്‍ജിക്കൊപ്പം ഓഗസ്റ്റ് 24ന് കേസില്‍ സുപ്രീം കോടതി വാദം കേള്‍ക്കും.

നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് 2019 നവംബര്‍ ഒന്നിന് രണ്ട് യുവാക്കളെ കോഴിക്കോട് പന്തിരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാക്കള്‍ക്കെതിരെ യു.എ.പി.എ വകുപ്പുകള്‍ ചുമത്തിയതോടെ ഹൈക്കോടതിയടക്കം ജാമ്യം നിഷേധിച്ചു.

സംസ്ഥാനത്തെ യു.എ.പി.എ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന ചട്ടമനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് യുവാക്കളുടെ കേസും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍.ഐ.എയോട് കേസേറ്റെടുക്കാന്‍ ശിപാര്‍ശ ചെയ്തത്. ഇതനുസരിച്ചാണ് എന്‍.ഐ.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചത്.