പണം വിതരണം ചെയ്തുവെന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതം; തിരക്കഥ തയ്യാറാക്കി തന്നെ വേട്ടയാടുന്നു: ശോഭ സുരേന്ദ്രൻ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം കഴിഞ്ഞ് നിശബ്ദ പ്രചാരണം നടക്കുന്നതിനിടെയുണ്ടായ പണമിടപാട് ആരോപണങ്ങളിൽ രൂക്ഷമായ പ്രതികരണവുമായി ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. ഒരു സ്ത്രീ എന്ന നിലയിൽ തന്നെയും പാലക്കാട്ടെ വോട്ടർമാരെയും അപമാനിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ചില മാധ്യമങ്ങളിലൂടെയും രാഷ്ട്രീയ എതിരാളികളിലൂടെയും നടന്നതെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു.

കണ്ണാടിയിൽ ബിജെപി പ്രവർത്തകർ പണം വിതരണം ചെയ്തു എന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. പിരായിരി പഞ്ചായത്തിലെ ഒരു ഓട്ടോറിക്ഷ സ്റ്റാൻഡിൽ ഒരു ക്യാൻസർ രോഗിയെയും കുടുംബത്തെയും കാണാൻ പോയതിനെയാണ് പണം നൽകാനായി എത്തിയതെന്ന രീതിയിൽ ചിലർ വളച്ചൊടിച്ചതെന്ന് അവർ വിശദീകരിച്ചു.

സംഭവത്തിന് പിന്നിൽ കൃത്യമായ ഒരു തിരക്കഥയുണ്ടെന്നാണ് ശോഭയുടെ പ്രധാന വാദം. തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ വിജയം ഉറപ്പായപ്പോൾ അത് സഹിക്കാൻ കഴിയാത്തവരാണ് ഇത്തരമൊരു വിവാദം സൃഷ്ടിച്ചതെന്നും പത്താമത്തെ തിരഞ്ഞെടുപ്പിനെ നേരിടുന്ന തനിക്ക് ചട്ടങ്ങൾ കൃത്യമായി അറിയാമെന്നും അവർ കൂട്ടിച്ചേർത്തു.