തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭരണസമിതി; തീരുമാനമായില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭരണസമിതിയുടെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് ദേവസ്വംമന്ത്രി വി എന്‍ വാസവന്‍. മുഖ്യമന്ത്രിയുമായി ആശയ വിനിമയം നടത്തി തീരുമാനമെടുക്കുമെന്നാണ് മന്ത്രിയുടെ പ്രതികരണം. സിപിഐഎമ്മിന്റെ ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തില്‍ ദേവസ്വം ബോര്‍ഡിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നായിരുന്നു സൂചന.

ദേവസ്വം ബോര്‍ഡിന്റെ കാര്യത്തില്‍ അത്തരമൊരു ചര്‍ച്ച നടക്കുന്ന കാര്യം നേതൃത്വം സ്ഥിരീകരിക്കുകയും ചെയ്തു. വിവിധ ജില്ലാ കമ്മറ്റി അംഗങ്ങളില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ തേടുകയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുമായി ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്താന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. കുവൈത്ത് പര്യടനത്തിലാണ് മുഖ്യമന്ത്രിയിപ്പോള്‍.

നിലവിലെ ബോര്‍ഡിന്റെ കാലാവധി നീട്ടി നല്‍കേണ്ടെന്ന് ധാരണയായിട്ടുണ്ട്. മുന്‍ എം പി എ.സമ്പത്ത് ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് ദേവസ്വം ബോര്‍ഡ് അധ്യക്ഷ സ്ഥാനത്തേക്ക് സിപിഐഎം പരിഗണിക്കുന്നത്. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ബോര്‍ഡിലേക്കുള്ള സിപിഐ പ്രതിനിധിയായി തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗം വിളപ്പില്‍ രാധാകൃഷ്ണനെ തീരുമാനിച്ചിട്ടുണ്ട്.

Read more