സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; പേര് ചേർക്കാനും തെറ്റുകൾ തിരുത്താനും ഇപ്പോൾ അവസരം

സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ കരട് വോട്ടർ പട്ടിക വിവരങ്ങൾ ലഭ്യമാണ്. വോട്ടർപട്ടിക പൊതുജനങ്ങൾക്ക് പരിശോധനയ്ക്കായി ലഭിക്കും. കരട് പട്ടികയിലുള്ള ആക്ഷേപങ്ങളും പരാതികളും ഡിസംബർ ഒന്‍പതു വരെ സമർപ്പിക്കാം.

വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്താനും മരിച്ചവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കാനുമുള്ള അവസരമാണിത്. സൂക്ഷ്മ പരിശോധനകൾക്കായി താലൂക്ക്, വില്ലേജ്, പഞ്ചായത്ത് ഓഫീസുകളില്‍ ബിഎൽഒമാരുടെ കൈവശവും കരട് വോട്ടർ പട്ടിക ലഭിക്കും. പ്രത്യേക സംക്ഷിപ്ത പുതുക്കൽ 2024ന്‍റെ ഭാഗമായാണു മുഴുവൻ നിയോജക മണ്ഡലങ്ങളിലെയും കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്.

2024 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. വോട്ടർപട്ടികയിൽ നിന്ന് തെറ്റായി ഒഴിവാക്കപ്പെട്ടവർക്കും 17 വയസ് തികഞ്ഞവർക്ക് മുൻകൂറായും, വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരവുമുണ്ട്. വെബ്സൈറ്റ് വഴിയോ വോട്ടർ ഹെൽപ് ലൈൻ ആപ് വഴിയോ അപേക്ഷകൾ സമർപ്പിക്കാം.

അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താവുന്നതാണ്. കരട് പട്ടികയിന്മേലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും ഡിസംബർ ഒന്‍പതാം തീയ്യതി വരെ സമർപ്പിക്കാമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. അവസാന പട്ടിക 2024 ജനുവരി അഞ്ചിന് പുറത്തിറങ്ങും.

കരട് വോട്ടർ പട്ടികയിലെ ചില സുപ്രധാന വിവരങ്ങൾ ഇങ്ങനെ

Read more

ആകെ വോട്ടർമാർ – 2,68,54,195
ആകെ സ്ത്രീ വോട്ടർമാർ – 1,38,57,099
ആകെ പുരുഷ വോട്ടർമാർ – 1,29,96,828
ആകെ ഭിന്നലിംഗ വോട്ടർമാർ – 268
കൂടുതൽ വോട്ടർമാരുള്ള ജില്ല – മലപ്പുറം (32,25,175)
കുറവ് വോട്ടർമാരുള്ള ജില്ല – വയനാട് (6,21,686)
കൂടുതൽ സ്ത്രീ വോട്ടർമാരുള്ള ജില്ല – മലപ്പുറം (16,11,524)
ആകെ പോളിംഗ് സ്റ്റേഷനുകൾ- 25,177.