യൂത്ത് കോൺഗ്രസുകാരല്ല, സർക്കാരാണ് എന്നെ നിയമിച്ചത്; പരാതിപ്പെട്ട സ്ത്രീയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് എം.സി ജോസഫൈൻ

ഗാർഹിക പീഡനത്തെ കുറിച്ച് പരാതി പറയാൻ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ. താനും ഒരു സാധാരണ സ്‌ത്രീയാണ്. പൊലീസില്‍ പരാതി കൊടുക്കൂ എന്നാണ് പറഞ്ഞത്. അല്ലാതെ തെറിയൊന്നും പറഞ്ഞിട്ടില്ലെന്ന് ജോസഫൈന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സ്ത്രീധന, ഗാർഹിക പീഡന പരാതികൾക്കെതിരായ മനോരമ ന്യൂസിന്റെ ‘എന്തിന് സഹിക്കണം’ എന്ന പരിപാടിയുടെ ഭാഗമായ ഹെൽപ് ഡെസ്ക് എന്നതിൽ പങ്കെടുക്കവെ നടത്തിയ പരാമർശമാണ് വിവാദമായത്. പൊലീസിൽ പരാതിപ്പെടേണ്ട കേസാണിതെന്നത് ഉന്നയിക്കാനാണ് ശ്രമിച്ചതെന്ന് ജോസഫൈൻ വ്യക്തമാക്കി.

എല്ലായിടത്തും വനിതാ കമ്മീഷനു പെട്ടെന്ന് ഓടിയെത്താനാവില്ല. അതുകൊണ്ടാണ് പൊലീസില്‍ പരാതിപ്പെടാന്‍ പറയുന്നതെന്നും അവർ വിശദീകരിച്ചു. ദിനംപ്രതി നിരവധി പരാതികൾ കേൾക്കുന്നതാണ്. ഞങ്ങളും പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും അത്രത്തോളം സ്ത്രീകൾ വിളിച്ചു പരാതി പറയുന്നു. ഇതുൾപ്പെടെ പലവിധ മാനസിക സമ്മർദ്ദങ്ങളിലൂടെയാണ് ഞങ്ങൾ പോകുന്നത്. എല്ലാ സ്ത്രീകളും ഒരു പോലെയല്ല പരാതി പറയാൻ വിളിക്കുന്നത്. പലപ്പോഴും ഉച്ചത്തിൽ സംസാരിക്കേണ്ടി വരാറുണ്ട്. തികഞ്ഞ ആത്മാർത്ഥതയോടെയാണ് പൊലീസിൽ പരാതിപ്പെടാൻ ആവശ്യപ്പെട്ടതെന്നും ജോസഫൈൻ പറഞ്ഞു.

യൂത്ത് കോൺഗ്രസുകാരല്ല, സർക്കാരാണ് തന്നെ വനിതാ കമ്മീഷൻ അദ്ധ്യക്ഷയായി നിയമിച്ചത്. പൊലീസില്‍ പരാതി നല്‍കിയാല്‍ അതിന് ഒരു ബലമുണ്ടാകും. എല്ലാ പരാതിക്കാരോടും പറയുന്ന കാര്യമാണിത്. യഥാവിധിയല്ല പലരും കാര്യങ്ങള്‍ കേട്ടു മനസിലാക്കുന്നതും തിരിച്ചു പറയുന്നതും. അപ്പോള്‍ ചിലപ്പോ ഉറച്ചഭാഷയില്‍ സംസാരിച്ചിട്ടുണ്ടാകുമെന്നും ജോസഫൈന്‍ പറഞ്ഞു.