മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ നവകേരള സദസ് പരിപാടിക്കിടെ ആലപ്പുഴയില്‍ പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ ഗണ്മാന്മാര് മര്‍ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നവകേരള സദസിനിടെ ആലപ്പുഴയില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ യുവാക്കളെ ഗണ്‍മാനുള്‍പ്പെടെ വളഞ്ഞിട്ട് മര്‍ദിച്ച സംഭവം കേരളത്തെ നടുക്കിയതാണെന്നും സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുമെന്നും വി ഡി സതീശന് പറഞ്ഞു.
അതേസമയം ഇത് തങ്ങള്‍ക്ക് ലഭിക്കുന്ന സ്വാഭാവിക നീതിയാണെന്നും രാഷ്ട്രീയ പ്രതികാരമായി ആരും കാണരുതെന്നും അന്ന് മര്‍ദനമേറ്റ എഡി തോമസ് എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ പുനരന്വേഷണം വേണമെന്ന കോടതിയുടെ നിര്‍ദേശം കൂടി മാനിച്ചാണ് എസ്ഐടി രൂപീകരിക്കുന്നതെന്നും ഇത് രാഷ്ട്രീയ പ്രതികാരമൊന്നുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ കൂടി വേണ്ടിയുള്ള തീരുമാനമായി സര്‍ക്കാര്‍ തീരുമാനത്തെ കാണുന്നുവെന്ന് എഡി തോമസ് എംഎഎല്‍എ പറഞ്ഞു.
Read more
10 വര്‍ഷങ്ങളായി ആയിരക്കണക്കിന് ചെറുപ്പക്കാര്‍ക്കാണ് പൊലീസ് മര്‍ദനമേറ്റത്. ജനാധിപത്യ പരമായി നടത്തുന്ന സമരങ്ങളെ കായികമായി അല്ല നേരിടേണ്ടതെന്നും നിയമപരമായി നേരിടണമെന്നും എല്ലാ സര്‍ക്കാരുകളും ഓര്‍മിക്കേണ്ടതാണ്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയാണ് ഇതെല്ലാം നടന്നത്. രക്ഷാപ്രവര്‍ത്തനമാണ് നടന്നതെന്ന അദ്ദേഹത്തിന്റെ പ്രതികരണം പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ക്ക് പ്രോത്സാഹനമായെന്നും എഡി തോമസ് പറഞ്ഞു. ആലപ്പുഴയില്‍ നിന്ന് വന്‍വിജയം നേടിയാണ് തോമസ് എംഎല്‍എയായത്.







