വ്യോമാക്രമണം ഉണ്ടായാല്‍ എന്തൊക്കെ മുന്‍കരുതല്‍ വേണം?; പാകിസ്താനുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കെ കേന്ദ്രനിര്‍ദേശ പ്രകാരം 14 ജില്ലകളിലും മോക്ഡ്രില്‍

ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ- പാക് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കേരളത്തിലും കേന്ദ്രനിര്‍ദേശ പ്രകാരം മോക്ഡ്രില്‍. വിവിധ സംസ്ഥാനങ്ങളില്‍ മോക്ഡ്രില്‍ നടത്താനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം നാളെ കേരളത്തില്‍ 14 ജില്ലകളിലും തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ മോക്ഡ്രില്‍ നടക്കും. വ്യോമാക്രമണം ഉണ്ടായാല്‍ എന്തൊക്കെ മുന്‍കരുതലുകള്‍ പാലിക്കണം എന്നതു സംബന്ധിച്ച് ജനങ്ങള്‍ക്കു വിവരം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് മോക്ഡ്രില്‍ നടത്തുന്നതെന്ന് അഗ്‌നിരക്ഷാസേനാ മേധാവി മനോജ് ഏബ്രഹാം പറഞ്ഞു.

നാളെ നാലു മണിക്കാണ് സംസ്ഥാനത്ത് മോക്ഡ്രില്‍ നടക്കുക. സിവില്‍ ഡിഫന്‍സ് മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആംബുലന്‍സുകളും ആശുപത്രികളും ഉള്‍പ്പെടെ മോക്ഡ്രില്ലിനായി സജ്ജമാക്കും. ജില്ലാ കലക്ടര്‍മാരും ജില്ലാ ഫയര്‍ ഓഫിസര്‍മാരുമാണ് മോക് ഡ്രില്ലിനു നേതൃത്വം നല്‍കുന്നത്. ജനങ്ങള്‍ക്കും ഇതേക്കുറിച്ചു ധാരണയുണ്ടാകണം. നാളെ ആദ്യത്തെ പരിപാടി എന്ന നിലയിലാണ് നടത്തുന്നതെന്നും ജനങ്ങള്‍ ഇക്കാര്യത്തില്‍ ബോധവാന്മാരായി ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ അതനുസരിച്ച് പെരുമാണമെന്നും അഗ്നിരക്ഷാസേനാ മേധാവി മനോജ് ഏബ്രഹാം പറഞ്ഞു.

മോക് ഡ്രില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ ജയതിലകിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. യുദ്ധമുണ്ടായാല്‍ വ്യോമാക്രമണത്തിനു ജനങ്ങളെ ജാഗരൂഗരാക്കാന്‍ എയര്‍ റെയ്ഡ് വാണിങ് സംവിധാനം നടപ്പാക്കും. കേരളത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തുമാണ് പ്രധാനമായും എയര്‍ റെയ്ഡ് വാണിങ് സംവിധാനമുള്ളത്. ശത്രുരാജ്യം വ്യോമാക്രമണം നടത്താന്‍ ശ്രമിച്ചാല്‍ വിവരം ലഭിക്കുക വ്യോമസേനയ്ക്കായിരിക്കും. വ്യോമസേനയാണ് വിവിധയിടങ്ങളിലെ കണ്‍ട്രോള്‍ റൂമുകളിലേക്കു സന്ദേശം നല്‍കുക.

ആക്രമണമുണ്ടായാല്‍ സ്വയംസുരക്ഷ ഉറപ്പാക്കാനുള്ള കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണു മോക്ഡ്രില്ലിന്റെ ലക്ഷ്യം. നാല് മണിക്ക് തുടങ്ങുന്ന മോക്ഡ്രില്ലിന്റെ തുടക്കമെന്ന നിലയില്‍ എമര്‍ജന്‍സി സൈറന്‍ മുഴങ്ങും. തുടര്‍ന്ന് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് ആളുകള്‍ മാറുകയെന്നതാണ് നിര്‍ദേശിച്ചിരിക്കുന്നത്. സാധാരണ വ്യോമാക്രമണം സ്ഥിരമായി നടക്കുന്ന സ്ഥലങ്ങളില്‍ ആളുകള്‍ ബങ്കറുകളിലേക്കു മാറുകയാണ് ചെയ്യുന്നത്. അതേസമയം, ഇവിടെ വലിയ കെട്ടിടങ്ങളുടെ മുകളില്‍ ഒന്നും നില്‍ക്കാതെ ബെയ്സ്മെന്റ് പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്കാണു മാറേണ്ടത്. പാര്‍ക്ക് പോലെ പൊതുഇടങ്ങളില്‍ നില്‍ക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

Read more

മോക് ഡ്രില്ലിന്റെ ഭാഗമായി നാളെ 4 മണിക്ക് എയര്‍ റെയ്ഡ് വാണിങ് വരും. ആദ്യം വിവിധ കേന്ദ്രങ്ങളില്‍ സൈറന്‍ മുഴക്കും. തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് സംവിധാനം സജീവമാക്കാനാണ് മോക് ഡ്രില്ലിലൂടെ ലക്ഷ്യമിടുന്നത്. ആശയവിനിമയം നടത്താന്‍ ഹാം റേഡിയോയുടെയും മാധ്യമങ്ങളുടെയും സഹായം തേടും. തുടര്‍ന്ന് പ്രധാനപ്പെട്ട സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ച് സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റുകയും മുന്നറിയിപ്പു നല്‍കുകയും ചെയ്യും. കേരളത്തില്‍ ഏറെ നാളുകള്‍ക്കുള്ളില്‍ ആദ്യമായാണ് സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തുന്നത്. സിവില്‍ ഡിഫന്‍സിന്റെ കണ്‍ട്രോളിങ് ഓഫിസര്‍ ജില്ലാ കലക്ടര്‍മാരും നോഡല്‍ ഓഫിസര്‍ ജില്ലാ ഫയര്‍ ഓഫിസറുമാണ്.