മലയാള സിനിമയിലെ ലഹരി ഉപയോഗം പിടിച്ചുകെട്ടാൻ നർകോട്ടിക് കണ്ട്രോൾ ബ്യുറോ; സംഘടനകളുമായി ചർച്ച നടത്തി

മലയാള സിനിമയിലെ ലഹരി ഉപയോഗം പിടിച്ചുകെട്ടാൻ നർകോട്ടിക് കണ്ട്രോൾ ബ്യുറോ രംഗത്ത്. നർകോട്ടിക് കണ്ട്രോൾ ബ്യുറോയുടെ നേതൃത്വത്തിൽ സിനിമ സംഘടനകളുടെ യോഗം ചേർന്നു. ആദ്യമായാണ് ഈ വിഷയത്തിൽ നർകോട്ടിക് കണ്ട്രോൾ ബ്യുറോ സിനിമ സംഘടനകളുടെ യോഗം വിളിച്ചത്.

അമ്മ, ഫെഫ്ക്ക, മാക്ട, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. നടന്മാർക്കും സംവിധായകർക്കും എതിരായ ലഹരി കേസുകളും എൻസിബി പരിശോധിച്ചു. ബോധവൽക്കരണം ശക്തമാക്കാൻ സിനിമാ സംഘടനകൾക്ക് എൻസിബി നിർദേശം നൽകി. സമീപകാലത്തെ കേസുകളെ കുറിച്ച് എൻസിബി ഓർമിപ്പിച്ചു.

മലയാള സിനിമയിലെ ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് തുടർച്ചയായി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് നർകോട്ടിക് കണ്ട്രോൾ ബ്യുറോ രം​ഗത്തെത്തിയത്. അതേസമയം നർകോട്ടിക് കണ്ട്രോൾ ബ്യുറോയുടെ ഇടപെടലിന് പൂർണ പിന്തുണയെന്ന് അമ്മ സംഘടന അറിയിച്ചു. പരിശോധനകൾ നടത്താൻ രാജ്യത്തെ നിയമസംവിധാനങ്ങൾക്ക് അധികാരമുണ്ടെന്ന് അൻസിബ പറഞ്ഞു. സിനിമ മേഖലയിലേ ലഹരി ഉപയോഗത്തിൽ പരിശോധനകൾ ഉണ്ടാകുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞു.