'മതനിരപേക്ഷതയുടെ കാവലാളായി പിണറായിയും ഇടതുപക്ഷവും ഉള്ളേടത്തോളം ആർക്കും ഭീതി വേണ്ട'; കെ.ടി ജലീല്‍

മതനിരപേക്ഷതയുടെ കാവലാളായി പിണറായിയും ഇടതുപക്ഷവും ഉള്ളേടത്തോളം ആർക്കും ഭീതിയോ ഭയപ്പാടോ ശങ്കയോ വേണ്ടെന്ന് മുൻ മന്ത്രി കെ.ടി ജലീൽ.  ഇടതുപക്ഷാശയങ്ങളോട് ചേര്‍ന്ന് സഞ്ചരിക്കാന്‍ ഒരു വിശ്വാസിയും രണ്ടു പ്രാവശ്യം ആലോചിക്കേണ്ട കാര്യമില്ലെന്ന മഹത്തായ സന്ദേശമാണ് മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും ഇന്നലെ നല്‍കിയതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

നാര്‍ക്കോട്ടിക്ക് ജിഹാദ് വിഷയത്തിലെ എല്ലാ സംശയങ്ങള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ മറുപടി നല്‍കിയിട്ടുണ്ട്. കേരളവും സിപിഐഎമ്മും പാലാ ബിഷപ്പിന്റെ അബദ്ധജഡില പ്രസ്താവനയോട് എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് ഇനിയാരും ഗവേഷണം നടത്തി പാടുപെടേണ്ടെന്നും  ജലീല്‍ ഫെയ്സ്ബുക്കില്‍ വ്യക്തമാക്കി.

കെ.ടി ജലീലിൻറെ ഫെയ്സ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം; 

Read more

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക. എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടി അതിലുണ്ട്. കേരളവും സി.പി.ഐ.എമ്മും പാലാ ബിഷപ്പിന്റെ അബദ്ധജഡില പ്രസ്താവനയോട് എങ്ങിനെയാണ് പ്രതികരിക്കുന്നതെന്ന് ഇനിയാരും ഗവേഷണം നടത്തി പാടുപെടേണ്ട. മതനിരപേക്ഷതയുടെ കാവലാളായി പിണറായിയും ഇടതുപക്ഷവും ഉള്ളേടത്തോളം ആര്‍ക്കും ഭീതിയോ ഭയപ്പാടോ ശങ്കയോ വേണ്ട. ‘മനുഷ്യനുണ്ടായ കാലം തൊട്ടേ പ്രേമവും വിവാഹവും നടക്കുന്നുണ്ട്. അതിനെയൊന്നും ഒരു മതത്തോടും കൂട്ടിക്കെട്ടേണ്ട’ എന്ന സഖാവ് കാനം രാജേന്ദ്രന്റെ വാക്കുകള്‍ ഇതോടൊപ്പം ചേര്‍ത്ത് വെയ്ക്കുക. നാര്‍ക്കോട്ടിക്ക് ജിഹാദും ലൗ ജിഹാദും ശുദ്ധ അസംബന്ധങ്ങളാണെന്ന് വ്യക്തമാക്കുന്നതാണ് ഇരുവരുടെയും വാക്കുകള്‍. മാധ്യമങ്ങളെ കാണുമ്പോള്‍ കവാത്ത് മറക്കുന്നവരുടെ ജല്‍പനങ്ങളെ ചവറ്റുകൊട്ടയിലെറിയുക. ഇടതുപക്ഷ ആശയങ്ങളോട് ഓരം ചേര്‍ന്ന് സഞ്ചരിക്കാന്‍ ഒരു വിശ്വാസിയും രണ്ടു പ്രാവശ്യം ആലോചിക്കേണ്ട കാര്യമില്ലെന്ന മഹത്തായ സന്ദേശമാണ് മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും നല്‍കുന്നത്.