എന്‍.ഐ.എ ചോദ്യം ചെയ്തിട്ടില്ല; വാര്‍ത്തകള്‍ പടച്ചു വിടുന്നതിനു പിന്നില്‍ ഗൂഢശക്തികള്‍; ജന്മഭൂമി കൂട്ടുനില്‍ക്കുന്നത് വേദനാജനകം; പത്രാധിപര്‍ക്ക് കത്തെഴുതി ചെക്കുട്ടി

ദേശീയ അന്വേഷണ ഏജന്‍സി തന്നെ ചോദ്യം ചെയ്തുവെന്നുള്ള ജന്മഭൂമി വാര്‍ത്ത തള്ളി മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി. മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികളോ ഇന്നുവരെ ഒരു കാര്യത്തിനും തന്നെ ചോദ്യം ചെയ്തിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ ചിലര്‍ പടച്ചു വിടുന്നതിനു പിന്നില്‍ ചില ഗൂഢശക്തികള്‍ പതിയിരിക്കുന്നുണ്ട് എന്ന് ദീര്‍ഘകാലത്തെ മാധ്യമപ്രവര്‍ത്തനത്തില്‍ എനിക്ക് ബോധ്യമായതാണ്. നേരത്തെ എനിക്കെതിരെ ഒരു മുന്‍നിര മാധ്യമത്തില്‍ നട്ട ഇത്തരം ഒരു വ്യാജവാര്‍ത്തയുടെ പേരിലാണ് എനിക്ക് ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് തൊഴില്‍ ഉപേക്ഷിച്ചു ഡല്‍ഹിയിലേക്ക് വണ്ടി കയറേണ്ടി വന്നത്. അത്തരം കുല്‍സിതനീക്കങ്ങള്‍ക്കു ജന്മഭൂമി അറിഞ്ഞോ അറിയാതെയോ കൂട്ടുനില്‍ക്കുന്നത് വേദനാജനകമാണെന്ന് ജന്മഭൂമി പത്രാധിപര്‍ക്കെഴുതിയ കത്തില്‍ ചെക്കുട്ടി വ്യക്തമാക്കി.

ചെക്കുട്ടിയുടെ കത്തിന്റെ പൂര്‍ണരൂപം:

1.എന്നെ ദേശീയ അന്വേഷണ ഏജന്‍സിയോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികളോ ഇന്നുവരെ ഒരു കാര്യത്തിനും ചോദ്യം ചെയ്യുകയുണ്ടായില്ല. പത്രപ്രവര്‍ത്തനം എന്ന തൊഴിലിന്റെ ഭാഗമായി സമൂഹത്തിലെ നിരവധി വിഭാഗം ആളുകളുമായും പ്രസ്ഥാനങ്ങളുമായും ഞാന്‍ ബന്ധപ്പെടാറുണ്ട്. തൊഴില്‍പരമായ ബന്ധങ്ങള്‍ക്കപ്പുറം ആരുമായും എനിക്ക് പ്രത്യേക സൗഹൃദമോ മമതയോ താല്പര്യമോ ഇല്ല. രാഷ്ട്രീയമായി ഞാന്‍ ഒരു പാര്‍ട്ടിയിലും പ്രസ്ഥാനത്തിലും അംഗവുമല്ല.

2.ഇന്ത്യന്‍ എക്സ് പ്രസ്സില്‍ പവര്‍ത്തിക്കവേ, ഒരു പുതു മാധ്യമമേഖല എന്നനിലയില്‍ ഞാന്‍ കൈരളി ചാനല്‍ എന്ന ദൃശ്യമാധ്യമ സ്ഥാപനത്തില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കും മുമ്പ് എനിക്ക് അവിടെനിന്ന് പിരിയേണ്ടിവന്നു. പിന്നീട് ഞാന്‍ പല മാധ്യമങ്ങളിലും കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്തു. മാധ്യമം, തേജസ് എന്നീ പത്രങ്ങളില്‍ ഞാന്‍ അക്കാലത്തു പ്രവര്‍ത്തിക്കുകയുണ്ടായി. 2018 ഡിസംബര്‍ അവസാനം തേജസ് പ്രസിദ്ധീകരണം നിര്‍ത്തിയതോടെ എനിക്ക് തൊഴിലൊന്നുമില്ല. എന്റെ പ്രധാന വരുമാനം സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ മാത്രമാണ്. ഇടയ്ക്ക് ചില മാധ്യമങ്ങള്‍ ലേഖനങ്ങള്‍ക്കും മറ്റും പ്രതിഫലം നല്‍കാറുണ്ട്.

3.പോപ്പുലര്‍ ഫ്രണ്ട് സെപ്റ്റംബര്‍ രണ്ടാംവാരം കോഴിക്കോട്ടു നടത്തിയ ഒരു മാധ്യമ സെമിനാറില്‍ എന്നെ ക്ഷണിച്ചിരുന്നു; ഞാന്‍ അതില്‍ പങ്കടുക്കുകയും ചെയ്തു. അതിനപ്പുറം അതുമായി എനിക്കൊരു ബന്ധവും ഉണ്ടായിരുന്നില്ല.

4. ഞാന്‍ പോപ്പുലര്‍ ഫ്രണ്ടിലെ ചിലരുടെ കൂടെ സ്ഥിരമായി ഗള്‍ഫ് യാത്ര ചെയ്യുന്നുവെന്നും അവരില്‍ നിന്ന് വന്‍തുക സാമ്പത്തിക സഹായം സ്വീകരിക്കുന്നു എന്നും ചില പരാമര്‍ശങ്ങള്‍ കാണുന്നു. അതില്‍ യാതൊരു സത്യവുമില്ല. ഞാന്‍ ജീവിതത്തില്‍ രണ്ടു തവണ മാത്രമാണ് ഗള്‍ഫില്‍ പോയിട്ടുള്ളത്. തേജസില്‍ ജോലി ചെയ്യുമ്പോള്‍ അതിന്റെ ബഹ്റൈന്‍ എഡിഷന്‍ ഉത്ഘാടനവുമായി ബന്ധപ്പെട്ടു ഒരു തവണയും ദോഹയില്‍ ഒരു മാധ്യമ സെമിനാറില്‍ പങ്കെടുക്കാനായി മറ്റൊരു തവണയും അവിടെ പോയിരുന്നു. ഏതാണ്ട് എട്ടു വര്‍ഷം മുമ്പാണ് രണ്ടാമത്തെ സന്ദര്‍ശനം.

വസ്തുതകള്‍ ഇതൊക്കെയാണ്. ഇത്തരം വാര്‍ത്തകള്‍ ചിലര്‍ പടച്ചു വിടുന്നതിനു പിന്നില്‍ ചില ഗൂഢശക്തികള്‍ പതിയിരിക്കുന്നുണ്ട് എന്ന് ദീര്‍ഘകാലത്തെ മാധ്യമപ്രവര്‍ത്തനത്തില്‍ എനിക്ക് ബോധ്യമായതാണ്. നേരത്തെ എനിക്കെതിരെ ഒരു മുന്‍നിര മാധ്യമത്തില്‍ നട്ട ഇത്തരം ഒരു വ്യാജവാര്‍ത്തയുടെ പേരിലാണ് എനിക്ക് ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് തൊഴില്‍ ഉപേക്ഷിച്ചു ഡല്‍ഹിയിലേക്ക് വണ്ടി കയറേണ്ടി വന്നത്. അത്തരം കുല്‍സിതനീക്കങ്ങള്‍ക്കു ജന്മഭൂമി അറിഞ്ഞോ അറിയാതെയോ കൂട്ടുനില്‍ക്കുന്നത് വേദനാജനകമാണ്. അതിനാലാണ് ഞാന്‍ ഈ കുറിപ്പ് താങ്കള്‍ക്ക് അയക്കുന്നത്. ഇത് ഒരു കത്തായിട്ടെങ്കിലും പ്രസിദ്ധീകരിക്കാന്‍ ദയവുണ്ടായാല്‍ സന്തോഷം.

വിധേയന്‍,

എന്‍ പി ചെക്കുട്ടി