റാപിഡോ, ഊബർ ഉൾപ്പെടുന്ന ഓൺലൈൻ ബൈക്ക് ടാക്സികൾക്ക് പൂട്ടിടാൻ മോട്ടോർ വാഹന വകുപ്പ്. സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കയറ്റുന്നത് നിയമവിരുദ്ധമാണ്. അതിനാൽ റാപിഡോ, ഊബർ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹനങ്ങൾ ടാക്സി ബൈക്കിലേക്ക് മാറ്റണം.
നിയമം ലംഘിച്ച് സർവീസ് നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കമ്പനികളുമായി നടത്തിയ ചർച്ചയിൽ എംവിഡി വ്യക്തമാക്കി. ഇരുചക്ര വാഹനങ്ങൾ ടാക്സി ബൈക്കിലേക്ക് മാറ്റുന്നതിന് ഇനി അധിക സമയം അനുവദിക്കില്ലെന്നും എംവിഡി വ്യക്തമാക്കി.
കുറഞ്ഞ നിരക്കിൽ നഗരങ്ങളിൽ യാത്ര ചെയ്യാൻ സഹായിക്കുന്ന സേവനമായി ബൈക്ക് ടാക്സികൾ അവതരിപ്പിച്ച റാപിഡോ, ഊബർ എന്നിവയെ വളരെ പെട്ടെന്നാണ് ജനങ്ങൾ ഏറ്റെടുത്തത്. എന്നാൽ ഇതിനെതിരെ ഓട്ടോ, ടാക്സി തൊഴിലാളി യൂണിയനുകൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. സ്വകാര്യ വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് തൊഴിലാളി യൂണിയനുകൾ വാദം ഉന്നയിച്ചതോടെ വിഷയത്തിൽ മോട്ടോർ വാഹന വകുപ്പ് ഇടപെടുകയായിരുന്നു.
Read more
സ്വകാര്യ കമ്പനികളുടെ പ്രതിനിധികളുമായി എംവിഡി ഉദ്യോഗസ്ഥർ ചർച്ച നടത്തുകയും ബൈക്കുകളെല്ലാം ടാക്സി ബൈക്ക് കാറ്റഗറിയിലേക്ക് ഉടനടി മാറ്റാൻ നിർദേശം നൽകുകയും ചെയ്തിരിക്കുകയാണ്. ബൈക്കുകൾ ടാക്സി ബൈക്ക് കാറ്റഗറിയിലേക്ക് മാറ്റാൻ അപേക്ഷിച്ചാൽ രണ്ട് ദിവസം കൊണ്ട് പരിശോധന പൂർത്തിയാക്കി ഫിറ്റ്നസ് നൽകും. സ്വകാര്യ ബൈക്കുകൾ സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവ പിടിച്ചെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്നും എംവിഡി വ്യക്തമാക്കി.







