എം.വി ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തുടരും

സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗമായ എം.വി ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തുടരും. കണ്ണൂർ ജില്ലാ സമ്മേളനം ഏകകണ്ഠേനെയാണ് എം.വി ജയരാജനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 2019ൽ ജില്ലാ സെക്രട്ടറി ആയിരുന്ന പി. ജയരാജൻ വടകര ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായ സാഹചര്യത്തിലാണ് എം.വി ജയരാജൻ ജില്ലാ സെക്രട്ടറി പദവിയിലെത്തിയത്.

വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് എം.വി ജയരാജൻ പൊതുരംഗത്ത് സജീവമായത്. എസ്എഫ്‌ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ, കെഎസ്ഇബി അംഗം, ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി, കോൺഫെഡറേഷൻ ഓഫ് നീതി മെഡിക്കൽ എംപ്ലോയീസ് സംസ്ഥാന പ്രസിഡന്റ്, കെൽട്രോൺ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, എൽബിഎസ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

നിലവിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും കേന്ദ്ര പ്രവർത്തകസമിതി അംഗവുമാണ്. എടക്കാട് മണ്ഡലത്തിൽനിന്ന് രണ്ടു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ എൽഡിഎഫ് ഭരണത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി.