'മരച്ചീനിയില്‍ നിന്നുള്ള മദ്യനിര്‍മ്മാണം വൈകില്ല', എം.വി ഗോവിന്ദന്‍

മരച്ചീനിയില്‍ നിന്നുള്ള മദ്യനിര്‍മ്മാണം വൈകില്ലെന്ന് അറിയിച്ച് എക്സൈസ് മന്ത്രി എം.വി ഗോവിന്ദന്‍. ഇതിനായി പ്രത്യേക നിയമനിര്‍മ്മാണം ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനുള്ള പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം ഇന്നലെ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ നടത്തിയിരുന്നു.

മരച്ചീനിയില്‍ നിന്ന് മദ്യം ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയുടെ കൂടുതല്‍ ഗവേഷണങ്ങള്‍ക്കായി രണ്ട് കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ ചക്ക ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിനും വിപണനത്തിനും പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

മരച്ചീനി ശേഖരിച്ച് സംസ്‌കരിച്ച് വീര്യംകുറഞ്ഞ മദ്യവും മറ്റ് മൂല്യവര്‍ധിത ഉല്‍പന്നങ്ങളും നിര്‍മ്മിക്കുന്നതാണ് പദ്ധതി. തിരുവനന്തപുരത്തെ കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക. പദ്ധതി നിലവില്‍ വരുന്നതോടെ മരച്ചീനി കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കും.