എഐ വന്നാല്‍ സമ്പത്ത് ഒരു ഭാഗത്ത് കേന്ദ്രീകരിക്കും; എഐ വിഷയത്തില്‍ പുതിയ നിലപാടുമായി എംവി ഗോവിന്ദന്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ചുള്ള നിലപാടില്‍ മലക്കംമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എഐ സംവിധാനം വന്നാല്‍ സമ്പത്ത് ഒരു ഭാഗത്ത് കേന്ദ്രീകരിക്കുമെന്നും 60 ശതമാനത്തിലധികം തൊഴിലില്ലായ്മ ഉണ്ടാവുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗോവിന്ദന്‍.

സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തില്‍ എഐ തൊഴില്‍ ഇല്ലാതാക്കുമെന്ന നിലപാടെടുത്തതിന് പിന്നാലെയാണ് എംവി ഗോവിന്ദന്റെ നിലപാട്. കേരളത്തില്‍ പരിശോധിക്കുകയാണെങ്കില്‍ 87 ശതമാനം സമ്പത്ത് 10 ശതമാനം പേരിലാണ്. 50 ശതമാനം ജനങ്ങള്‍ക്ക് മൂന്ന് ശതമാനവും. എഐ വരുന്നതോടെ വൈരുധ്യം കൂടും. അത് ഇന്നല്ലെങ്കില്‍ നാളെ ചര്‍ച്ച ചെയ്യുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Read more

60ശതമാനം തൊഴിലില്ലായ്മ വരുമെന്നാണ് പറയുന്നത്. അഞ്ച് ശതമാനം വന്നാല്‍ തന്നെ ഗുരുതരമായ പ്രതിസന്ധിയാണ്. ഈ എഐ സംവിധാനം മുഴുവന്‍ ആരുടെ കൈയിലാണ് വരിക. എല്ലാം വരുന്നത് കുത്തക മുതലാളികളുടെ കൈയിലായിരിക്കും. കുത്തക മുതലാളിത്തത്തിന്റെ ഭാഗമായി 60ശതമാനത്തിലധികം തൊഴിലില്ലായ്മയും വാങ്ങല്‍ ശേഷി പൂര്‍ണമായും ഇല്ലാതാവുകയും ചെയ്താല്‍ പിന്നെ എന്തായിരിക്കും രാജ്യത്തിന്റെ സ്ഥിതിയെന്നും എംവി ഗോവിന്ദന്‍ ചോദിച്ചു.