കേരളത്തില്‍ മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപിച്ചുവെന്ന് എംവി ഗോവിന്ദന്‍; ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് മടങ്ങുന്നവര്‍ നേരേ പോകുന്നത് മദ്യഷാപ്പുകളിലേക്കും മറ്റുമാണെന്ന് വിമര്‍ശനം

കേരളത്തില്‍ മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മയക്കുമരുന്നുകളുടെ ഉപയോഗം ഗൗരവമായി പരിഗണിക്കേണ്ടനിലയില്‍ എത്തിയിട്ടുണ്ട്. എറണാകുളം ടൗണ്‍ഹാളില്‍ സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

എംഡിഎംഎ പോലുള്ള പുതുതലമുറ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ ആയുസ് കുറയുന്നതായാണു പഠനങ്ങള്‍. അത്തരക്കാരുടെ ശരീരിക, മാനസിക ഘടനകളില്‍പ്പോലും മാറ്റങ്ങള്‍ പ്രകടമാകും. എന്നാല്‍ മദ്യം ആയുസിനെ വലിയ നിലയില്‍ ബാധിക്കുന്നില്ല. മദ്യപാനികളായവര്‍ 85-90 വയസുവരെ ജീവിച്ചിരിക്കുന്നുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

മയക്കുമരുന്നുകളുടെ ഉത്പാദനത്തിലും വിതരണത്തിലും വലിയ ശൃംഖലതന്നെയുണ്ട്. ഇവര്‍ ലക്ഷ്യമിടുന്നത് കുട്ടികളെയും യുവാക്കളെയുമാണ്. കുട്ടികള്‍പ്പോലും മയക്കുമരുന്നിന് ഇരകളാകുന്നത് ഗൗരവകരമായ കാര്യമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സമീപം യഥേഷ്ടം മയക്കുമരുന്നുകള്‍ ലഭ്യമാകുന്ന സാഹചര്യമുണ്ട്. കുട്ടികളെയും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കണം.

Read more

ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തി ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കിയാലും ലഹരി ഉപയോഗിക്കുന്നവര്‍ പിന്നെയുമുണ്ടാകും. പ്രതിജ്ഞയെടുത്ത് മടങ്ങുന്നവര്‍ നേരേ പോകുന്നത് മദ്യഷാപ്പുകളിലേക്കും മറ്റുമാകുമെന്നും അദേഹം വിമര്‍ശിച്ചു.