സി.പി.എമ്മിന്റെ മുഖ്യശത്രു ബി.ജെ.പി; കെ.പി.സി.സിക്ക് സി.പി.എമ്മും; ജനകീയ പ്രതിരോധ ജാഥ കേരള സര്‍ക്കാരിന് രക്ഷാകവചം തീര്‍ക്കാനെന്ന് എം.വി ഗോവിന്ദന്‍

സംസ്ഥാന സര്‍ക്കാരിന് രക്ഷാ കവചം തീര്‍ക്കാനാണെന്ന് സിപിഎം ജനകീയ പ്രതിരോധ ജാഥ നടത്തുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബിജെപിയെ വലിയ തോതില്‍ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് മുതിരുന്നില്ല. കോണ്‍ഗ്രസ് പിന്തുടരുന്ന മൃദുഹിന്ദുത്വനയം മൂലം ബിജെപിയുടെ വര്‍ഗീയതയെ തുറന്നെതിര്‍ക്കാന്‍ അവര്‍ക്കാകുന്നില്ല. കോര്‍പ്പറേറ്റുകളോടുള്ള സമീപനത്തിലും സാമ്പത്തിക നയങ്ങളിലും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വ്യത്യാസമില്ല.

രാഷ്ട്രീയ പകപോക്കലിന് കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുയാണെന്ന കോണ്‍ഗ്രസിന്റെ ദേശീയ നയത്തോടൊപ്പമാണോ കേരളത്തിലെ കോണ്‍ഗ്രസുകാര്‍. സോണിയ ഗാന്ധി ഈ അഭിപ്രായം തുറന്നു പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം നടക്കുന്ന ചത്തീസ് ഗണ്ഡില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ ഇ ഡി റെയ്ഡ് നടത്തുന്നു. ഇത് പകപോക്കലാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ പറയുന്നു. അത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മനസിലാക്കുന്നില്ല. കെപിസിസിക്ക് ബിജെപിയെയാണ് പഥ്യം.

ജനദ്രോഹ നയങ്ങളുടെ കാര്യത്തില്‍ പിണറായിയും മോദിയും തമ്മില്‍ വ്യത്യാസമില്ലെന്ന കൊണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ സ്ഥലജലവിഭ്രാന്തിക്ക് ഉദാഹരണമാണ്. മോദിയുടെയും കോണ്‍ഗ്രസിന്റെയും കോര്‍പറേറ്റ് അനുകൂല നവഉദാരനയത്തിന്, ജനപക്ഷ ബദല്‍ ഉയര്‍ത്തുകയാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍. ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് കുടുതല്‍ നിക്ഷേപം, പെന്‍ഷന്‍ ഉള്‍പ്പെടയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍, പൊതുമേഖലാ സംരക്ഷണം എന്നിവയെല്ലാം പിണറായി സര്‍ക്കാരിന്റെ മുഖമുദ്രകളാണ്.

Read more

ഇതിന് കടകവിരുദ്ധമായ സമീപനമാണ് മോദി സര്‍ക്കാരിന്റേത്. ഈ വ്യത്യാസം കാണാന്‍ കെസി വേണുഗോപാലിന് കഴിയാത്തത് ബിജെപിയെ തുറന്നെതിര്‍ക്കാനുള്ള വൈമുഖ്യമാണ്. സിപിഎമ്മിനെ സംബന്ധിച്ച് മുഖ്യശത്രു ബിജെപിയാണ്. എന്നാല്‍ കെപിസിസിക്ക് സിപിഐഎമ്മും. മോദിക്കെതിരായ മതനിരപേക്ഷ ഐക്യത്തിന് തുരങ്കം വെക്കുന്ന നടപടിയാണിത്. ഒരോ സംസ്ഥാനത്തും പരമാവധി ബിജെപി വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കുക എന്ന തന്ത്രമാണ് സിപിഐഎം സ്വീകരിക്കുന്നത്. മുദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന കോണ്‍ഗ്രസിനൊപ്പം അണിചേരാന്‍ ഭൂരിപക്ഷം പ്രാദേശിക കക്ഷികളും മടിക്കുകയാണെന്ന് അദേഹം പറഞ്ഞു.