ചാരിറ്റിയല്ല രാഷ്ട്രീയ പ്രവര്‍ത്തനം; സുരേഷ് ഗോപി തൃശൂരില്‍ മാസത്തില്‍ നാല് തവണയല്ല, 365 ദിവസം നിന്നാലും ജയിക്കില്ലെന്ന് എം.വി ഗോവിന്ദന്‍

നടന്‍ സുരേഷ് ഗോപി തൃശൂരില്‍ മാസത്തില്‍ നാല് തവണയല്ല 365 ദിവസം നിന്നാലും ജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ചാരിറ്റി ചെയ്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുത്. അദേഹം ഇപ്പോള്‍ ചാരിറ്റിയാണ് ചെയ്യുന്നത്. അത് രാഷ്ട്രീയമാക്കി മാറ്റാനാണ് അദേഹം ശ്രമിക്കുന്നത്. അതുകൊണ്ട് തിരഞ്ഞെടുപ്പില്‍ ജയിക്കാനാണ് നോക്കുന്നത്. അതിന് തൃശൂരിലെ ജനങ്ങള്‍ സമ്മതിക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വന്നതുപോലെ ക്രിസ്ത്യാനികളുടെ പിന്തുണയോടെ കേരളത്തിലും അധികാരം പിടിക്കുമെന്ന് പറയുന്ന പ്രധാനമന്ത്രി നൂറോളം റിട്ടയേര്‍ഡ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ നിവേദനത്തോട് പ്രതികരിക്കാന്‍ തയ്യാറാകണം. രാജ്യത്തെങ്ങും വര്‍ധിച്ചുവരുന്ന, ക്രിസത്യാനികള്‍ക്കുനേരേയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഒറ്റവാക്ക് മതിയെന്നും അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുമോ എന്നുമാണ് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്

പ്രധാനമന്ത്രിയുടെ നിശ്ശബ്ദതയാണ് കൂടുതല്‍ ആക്രമണങ്ങളിലേക്ക് നയിക്കുന്നത്.മതപരിവര്‍ത്തനത്തെ പ്രോത്സഹിപ്പിക്കുന്നുവെന്ന ആരോപണമുയര്‍ത്തിയാണ് ക്രിസ്ത്യാനികളെ സംഘപരിവാര്‍ വേട്ടയാടുന്നത്. സൂക്ഷമമായി പരിശോധിച്ചാല്‍ 1951 ലെ സെന്‍സസ് അനുസരിച്ച് 2.3 ശതമാനമാണ് രാജ്യത്തെ ക്രിസ്ത്യാനികള്‍. ഈ ജനസംഖ്യയില്‍ എന്ത് വര്‍ധനയാണ് 75 വര്‍ഷമായിട്ടും ഉണ്ടായിട്ടുള്ളതെന്നും ഗോവിന്ദന്‍ ചോദിച്ചു.