'പുറത്തിറങ്ങിയാൽ തെളിവ്  നശിപ്പിക്കും'; മുട്ടിൽ മരംമുറി കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

മുട്ടില്‍ മരംമുറി കേസ് പ്രതികളുടെ ജാമ്യാപേക്ഷ ഹെെക്കോടതി തള്ളി. റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്.  ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. മരംമുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ ആണ് പ്രതികൾ ജാമ്യം തേടി കോടതിയെ സമീപിച്ചത്.

മുറിച്ചു കടത്തിയ തടികളും രേഖകളും പിടിച്ചെടുത്തിട്ടുള്ള സാഹചര്യമുള്ളതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ തെളിന് നശിപ്പിക്കുമെന്നും കോടതി വ്യക്തമാക്കി.

ജാമ്യാപേക്ഷയിൽ കഴിഞ്ഞയാഴ്ച വാദം പൂർത്തിയാക്കിയ ശേഷമാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. പകപോക്കലിന്റെ ഭാഗമായാണ് തങ്ങളെ  കേസിൽ അറസ്റ്റ് ചെയ്തതെന്നാണ് പ്രതികളുടെ വാദം. കൂടാതെ രേഖകളും മുറിച്ചു കടത്തിയ തടികളും പിടിച്ചെടുത്തിട്ടുള്ളതിനാൽ  വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുദിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.

പ്രതികളില്‍ നിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയുണ്ടായെന്നും സുരക്ഷ ആവശ്യപ്പെട്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഡി ജി പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ കേസിനെ ബാധിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തങ്ങള്‍ക്കെതിരെ ഉയരുന്നത് കേവലം ആരോപണങ്ങള്‍ മാത്രമാണെന്നും പൊതുജന പ്രതിഷേധത്തെ പ്രതിരോധിക്കാനെടുത്ത പുകമറയാണ് കേസെന്നുമായിരുന്നു പ്രതികളുടെ മറുവാദം.