അസഭ്യവർഷം നടത്തുന്ന സി.പി.എം സംസ്‌കാരം മുസ്‌ലിം ലീഗ് പ്രവർത്തകർ പിന്തുടരേണ്ടതില്ല: കെ.പി.എ മജീദ്

മുസ്‌ലിം ലീഗിന് വേണ്ടി പോരാടാൻ സോഷ്യൽ മീഡിയയിൽ ഏതെങ്കിലും സ്വതന്ത്ര വ്യക്തിയെയോ സംഘത്തെയോ ഏൽപിച്ചിട്ടില്ല എന്ന് പാർട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയയിൽ ക്രിയാത്മക ഇടപെടലുകൾ നടത്തുന്നതിന് വ്യവസ്ഥാപിതമായ ഔദ്യോഗിക സംവിധാനം പ്രവർത്തിച്ചു വരുന്നുണ്ട്. ആരെങ്കിലും പാർട്ടിയുടെ സൈബർ വക്താക്കളായോ ഐ.ടി സെൽ എന്ന പേരിലോ സഭ്യമല്ലാത്ത രീതിയിൽ പെരുമാറുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം പാർട്ടിക്ക് ഏറ്റെടുക്കാനാവില്ല. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ അസഭ്യവർഷം നടത്തി വേട്ടയാടുന്ന സി.പി.എം അണികളുടെ സംസ്‌കാരം മുസ്‌ലിം ലീഗ് പ്രവർത്തകർ പിന്തുടരേണ്ടതില്ല എന്നും കെ.പി.എ മജീദ് പറഞ്ഞു.

യാസര്‍ എടപ്പാളെന്ന വ്യക്തി മുസ്‌ലിം ലീഗിന്റെയോ പോഷക സംഘടനയുടേയോ ഭാരവാഹിയല്ലെന്നും ലീഗ് സൈബര്‍ വിംഗിന്റെ ചുമതലയും അദ്ദേഹത്തിനില്ലെന്നും മോശമായ ഫെയ്സ്ബുക്ക് പോസ്റ്റിനെ നാളിത് വരെ പാര്‍ട്ടി പിന്തുണച്ചിട്ടില്ലെന്നും തവനൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി ആര്‍.കെ ഹമീദ് വ്യക്തമാക്കിയിരുന്നു.

അതേസമയം മന്ത്രി ജലീലിനെതിരെ നവമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ പൊലീസിനെ ഉപയോഗിച്ച് കോണ്‍സുലേറ്റില്‍ സമ്മര്‍ദ്ദം ചെലുത്തി യാസിറിനെ നാട് കടത്താന്‍ ശ്രമിച്ച മന്ത്രിയുടെ അധികാര ദുർവിനയോഗത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന അഭിപ്രായത്തെ മുസ്‌ലിം ലീഗ് പിന്തുണയ്ക്കുന്നുവെന്നും ആര്‍.കെ ഹമീദ് പറഞ്ഞു.

കെ.പി.എ മജീദിന്റെ പ്രസ്താവന:

മുസ്‌ലിംലീഗ് പാർട്ടിക്ക് അന്തസ്സാർന്ന ആശയവും ചരിത്രവും പാരമ്പര്യവുമുണ്ട്. പാർട്ടിയുടെ നയവും നിലപാടും വ്യക്തമാക്കാൻ പര്യാപ്തമായ വാർഡ് കമ്മിറ്റി മുതൽ ദേശീയ കമ്മിറ്റി വരെയുള്ള സംവിധാനങ്ങളും നേതാക്കളുമുണ്ട്. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയയിൽ ക്രിയാത്മക ഇടപെടലുകൾ നടത്തുന്നതിന് വ്യവസ്ഥാപിതമായ ഔദ്യോഗിക സംവിധാനം പ്രവർത്തിച്ചു വരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പാർട്ടിക്കു വേണ്ടി മാന്യമായും നിസ്വാർത്ഥമായും ഇടപെടുന്ന ആയിരക്കണക്കിന് പ്രവർത്തകരുടെ സേവനവും വിലമതിക്കുന്നു.

അതേസമയം പാർട്ടിക്കു വേണ്ടി പോരാടാൻ സോഷ്യൽ മീഡിയയിൽ ഏതെങ്കിലും സ്വതന്ത്ര വ്യക്തിയെയോ സംഘത്തെയോ ഏൽപിച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും പാർട്ടിയുടെ സൈബർ വക്താക്കളായോ ഐ.ടി സെൽ എന്ന പേരിലോ സഭ്യമല്ലാത്ത രീതിയിൽ പെരുമാറുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം പാർട്ടിക്ക് ഏറ്റെടുക്കാനാവില്ല.

Read more

തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ അസഭ്യവർഷം നടത്തി വേട്ടയാടുന്ന സി.പി.എം അണികളുടെ സംസ്‌കാരം മുസ്‌ലിംലീഗ് പ്രവർത്തകർ പിന്തുടരേണ്ടതില്ല. രാജ്യത്തിന്റെ പരമാധികാരവും വ്യക്തികളുടെ സ്വകാര്യതയും മൗലികാവകാശങ്ങളും മാനിച്ചുകൊണ്ടായിരിക്കണം സോഷ്യൽ മീഡിയയിലെ ഇടപെടലുകൾ. മാന്യമായി രാഷ്ട്രീയം പറയാനും സംവദിക്കാനുമുള്ള അവസരമാണ് സാമൂഹ്യ മാധ്യമങ്ങൾ നമുക്ക് തുറന്നു തന്നിരിക്കുന്നത്. അതിനെ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്.