'മുസ്ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതി, സംസ്ഥാനത്ത് മതരാഷ്ട്രീയം സ്‌ഥാപിക്കുക അവരുടെ ലക്ഷ്യം'; വെള്ളാപ്പള്ളി നടേശൻ

മുസ്‌ലിം ലീഗിനും അവരുടെ പോഷക സംഘടനകൾക്കുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതിയാണ്. സംസ്ഥാനത്ത് മതരാഷ്ട്രീയം സ്‌ഥാപിക്കാനാണ് അവരുടെ ലക്ഷ്യമെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

മുസ്‌ലിം സംഘടനകളെ ചോദ്യം ചെയ്യുന്നവരെ അടിച്ചിരുത്തുന്ന രീതിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. മലപ്പുറം ജില്ല ആർക്കും ബാലികേറാമലയല്ലെന്ന് താൻ പറഞ്ഞതിൻ്റെ പേരിൽ ലീഗ് തന്നെ മുസ്ലിം വിരോധിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. തന്റെ അഭിപ്രായ സ്വാതന്ത്യത്തെപോലും ലീഗ് ചോദ്യം ചെയ്തു.

മുസ്‌ലിം സംഘടനകളുടെ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യത്തിന് പിന്നിലെ പ്രധാന ലക്ഷ്യം കേരളത്തിൽ മതരാഷ്ട്രീയം സ്‌ഥാപിക്കുക എന്നതാണ്. “മലപ്പുറത്ത് ഒരു കുട്ടിപ്പള്ളിക്കൂടം പോലും യാചിച്ചിട്ട് അവർ തന്നില്ല. ലീഗും അവരുടെ പോഷകസംഘടനകളും ചേർന്ന് തന്നെ വേട്ടയാടി,” വെള്ളാപ്പള്ളി പറഞ്ഞു.

Read more

മുഖ്യമന്ത്രിയും മന്ത്രി വാസവനും രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നവർ ഗണേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് വെള്ളാപ്പള്ളി ചോദിച്ചു. സമുദായംഗങ്ങളെ വളരാനും വളർത്താനും അനുവദിക്കാത്ത സമീപനമാണ് പൊതുവെ ഇവിടെയുള്ളത്. ഈഴവരെ വളരാനും വളർത്താനും അനുവദിക്കുന്നില്ല, എന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.