കെ.എന്‍.എ ഖാദറിന് എതിരെ അച്ചടക്ക നടപടി ഉണ്ടാകും

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് മുസ്ലീം ലീഗ് നേതാവ് കെഎന്‍എ ഖാദറിന് എതിരെ അച്ചടക്ക നടപടിയെടുക്കാന്‍ മുസ്ലിം ലീഗ്. സംസ്ഥാന കമ്മിറ്റിയംഗമായ ഖാദറിന്റെ വിശദീകരണം ലഭിച്ചതിന് ശേഷം നാളെ പാണക്കാട് യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിക്കും. സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടിക്ക് അകത്തും പുറത്തും കെഎന്‍എ ഖാദറിന് എതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

അതേസമയം ലീഗ് നേതൃത്വത്തിന്റ നിലപാടിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തി. കെ എന്‍ എ ഖാദര്‍ പങ്കെടുത്തത് കേസരി എന്ന മാധ്യമ സ്ഥാപനം സംഘടിപ്പിച്ച പരിപാടിയില്‍ ആണ്. അദ്ദേഹം എവിടെ പങ്കെടുത്തു എന്നല്ല എന്ത് പറഞ്ഞു എന്നതിലാണ് കാര്യം. സംവാദങ്ങളെ ഭയപ്പെടുന്നവരാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. ലീഗ് നടപടി എടുത്താല്‍ സംവാദങ്ങളെ ഭയപ്പെടുന്നു എന്നതാണ് അര്‍ത്ഥം. ഒരു പരിപാടിയില്‍ പങ്കെടുക്കുക എന്നാല്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുക എന്നല്ലെന്ന് ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു.

മുസ്ലീം ലീഗ് പുറത്താക്കിയാല്‍ കെഎന്‍എ ഖാദര്‍ അനാഥനാകില്ല. ദേശീയ രാഷ്ട്രീയത്തില്‍ പ്രാധാന്യമുളള വ്യക്തിയാണ് അദ്ദേഹം. ഇപ്പോഴത്തെ വിവാദങ്ങള്‍ അനാവശ്യമാണ്. വിവരവും വിദ്യാഭ്യാസവുമുള്ള നേതാവാണ് കെ.എന്‍.എ ഖാദര്‍. ഏത് വിഷയത്തെ കുറിച്ചും നന്നായി സംസാരിക്കും. വേദങ്ങളെ കുറിച്ച് ആഴത്തില്‍ പഠിച്ച ആളാണ്. അദ്ദേഹത്തോട് കളിക്കാന്‍ നില്‍ക്കേണ്ട എന്നാണ് ലീഗുകാരോട് പറയാനുള്ളതെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. ഖാദറിനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം ലീഗിനില്ലെന്നും ഒരു സംഘം തീവ്ര ഗ്രൂപ്പുകള്‍ക്ക് ലീഗിലെ ചിലര്‍ അടിമപ്പെട്ടിരിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആര്‍.എസ്.എസ് മുഖപത്രമായ കേസരി കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലാണ് കെ.എന്‍.എ ഖാദര്‍ പങ്കെടുത്തത്. സാംസ്‌കാരിക പരിപാടിയെന്ന നിലയിലാണ് പങ്കെടുത്തതെന്ന് ഖാദര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതേ വിശദീകരണമായിരിക്കും പാര്‍ട്ടി നേതൃത്വത്തിനും നല്‍കുക. സംഭവത്തില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ പരിഗണനയിലുണ്ട്.