മുരളീധരനെയും രാഘവനെയും അവഗണിക്കാന്‍ പാടില്ലായിരുന്നു; എ.ഐ.സി.സിക്ക് കടുത്ത അതൃപ്തി

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തില്‍ എംപിമാര്‍ അവഗണിക്കപ്പെട്ടതില്‍ എഐസിസിക്ക് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട് . കെ.മുരളീധരനെയും എം.കെ. രാഘവനെയും മാറ്റി നിര്‍ത്തരുതായിരുന്നുവെന്ന് സംഘടനാജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്.

കെപിസിസി നേതൃത്വം നിരന്തരം അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുകയാണെന്ന എംപിമാരുടെ പരാതികളില്‍ കഴമ്പുണ്ടെന്ന വിലയിരുത്തലിലാണ് എഐസിസി. വൈക്കത്ത് മുരളിയെ പ്രസംഗിക്കാന്‍ ക്ഷണിക്കാത്തത്തിലും മലബാറില്‍ നിന്ന് നവോത്ഥാന യാത്ര നടത്താന്‍ എം.കെ.രാഘവനെ ചുമതലപ്പെടുത്താത്തതിലുമുള്ള അതൃപ്തി കെ.സി.വേണുഗോപാല്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിറ്റിങ് എംപിയെ മാറ്റിനിര്‍ത്തരുതായിരുന്നു എന്നാണ് എഐസിസിയുടെ വിലയിരുത്തല്‍. എംപിമാരുടെ പ്രതിഷേധത്തിനിടെ ചൊവ്വാഴ്ച കെപിസിസി നേതൃയോഗം തിരുവനന്തപുരത്ത് ചേരും. ഇതില്‍ പങ്കെടുക്കാന്‍ എത്തുന്ന എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പ്രശ്‌ന പരിഹാരത്തിനും ശ്രമിക്കുo.

അതേസമയം, കെപിസിസി നേതൃത്വത്തിനെതിരെ തുറന്നടിച്ച് എം.കെ.രാഘവന്‍ രംഗത്തെത്തി. ‘വൈക്കം സത്യാഗ്രഹ ജാഥയില്‍ നിന്നും ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നതിന് ഉത്തരം പറയേണ്ടത് അങ്ങനെയൊരു തീരുമാനം സ്വീകരിച്ചവരാണ്. അല്ലാതെ ഞാനല്ല. എനിക്കുള്ള അതൃപ്തി ആരേയും അറിയിച്ചിട്ടില്ല. നേതൃത്വമാണ് തീരുമാനമെടുത്തത്. അതിന് എന്തെങ്കിലും മാനദണ്ഡം ഉണ്ടിയിരിക്കാം. മുതിര്‍ന്ന നേതാക്കളെ ഉള്‍ക്കൊണ്ടു പോകുന്ന നേതൃത്വമാണ് നമുക്ക് വേണ്ടത്.

അതിനുള്ള മനസ് കാണിക്കണം. എന്നാല്‍ മാത്രമേ ഗുണകരമായ മാറ്റം പാര്‍ട്ടിയില്‍ ഉണ്ടാക്കാന്‍ കഴിയൂ.’ എം കെ രാഘവന്‍ കോഴിക്കോട് പറഞ്ഞു. കെ മുരളീധരനും ശശി തരൂരിനും പിന്നാലെയാണ് എംകെ രാഘവനും ഈ സംഭവത്തില്‍ അതൃപ്തി രേഖപ്പെടുത്തുന്നത്.