'ഒരു ദിവസം എങ്കിലും പാര്‍ട്ടിക്കായി വിയര്‍പ്പൊഴുക്കുകയും കഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടോ?' ആം ചെയര്‍ പൊളിറ്റീഷ്യന്‍ മാത്രമായിരുന്നു കെ.വി തോമസെന്ന് മുല്ലപ്പള്ളി

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാനമചന്ദ്രന്‍. രാഷ്ട്രീയമായ കൊടും ചതിയാണ് കെ വി തോമസ് ചെയ്തത്. സെമിനാറില്‍ പങ്കെടുക്കണമെങ്കില്‍, സി.പി.എം. കോണ്‍ഗ്രസ്സ് നേതൃത്വത്തെയാണ് ആദ്യം സമീപിക്കേണ്ടത്. സിപിഎമ്മിന്റെ ദുഷ്ടബുദ്ധി കെ വി തോമസിന് തിരിച്ചറിയാന്‍ കഴിയാത്തതാണോ എന്ന് മുല്ലപ്പള്ളി ചോദിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വിമര്‍ശനം.

‘ഞാന്‍ ഇപ്പോഴും ഒരു കോണ്‍ഗ്രസ്സ്‌കാരനാണെന്നു രാഷ്ട്രീയ സത്യസന്ധത ഇല്ലാതെ കെ.വി.തോമസ് പറയുമ്പോള്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറയുന്നത് ഒന്നോ രണ്ടോ ദിവസമേ തോമസ്സ് കോണ്‍ഗ്രസ്സിലുണ്ടാവുകയുള്ളുവെന്നാണ്. മുഖ്യ മന്ത്രി അല്പം കൂടി കടന്നു പറഞ്ഞത് ആരും തോമ്മസ്സിന്റെ മൂക്കു മുറിക്കില്ല, തോമസ്സിന്ന് ഒരു ചുക്കും സംഭവിക്കില്ല എന്നാണ്. ഇത്രയും ആധികാരികതയോടെ സെമിനാര്‍ വേദിയില്‍ ഉറപ്പിച്ചു പറയാന്‍ സി.പി.എം. നേതാക്കള്‍ക്ക് എങ്ങിനെ കരുത്തുകിട്ടി ? അതിനര്‍ത്ഥം തോമസ്സും സി.പി.എം.നേതൃത്വവും വളരെ കൃത്യമായ ധാരണയോടെയാണ് മുന്നോട്ടു പോകുന്നുവെന്നതാണ്.’

സജീവ രാഷ്ട്രീയത്തില്‍ വന്ന ശേഷം നിരവധി സുവര്‍ണ്ണാവസരങ്ങളാണ് കെ വി തോമസിന് ലഭിച്ചിട്ടുണ്ടെന്നും, ഒരു ദിവസമെങ്കിലും ഈ പാര്‍ട്ടിക്കുവേണ്ടി വിയര്‍പ്പൊഴുക്കുകയും കഷ്ടപ്പെടുകയും ചെയ്ത ചരിത്രം താങ്കള്‍ക്കുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസ്സിലെ ഒരു ആം ചെയര്‍ പൊളിറ്റീഷ്യന്‍ ( സുഖിമാന്‍) മാത്രമായിരുന്നു കെ വി തോമസ്. ഒരു നിമിഷം പോലും അധികാരവും പദവിയുമില്ലാതെ നില്‍ക്കാന്‍ കഴിയുകയില്ലെന്നും കെ വി തോമസ് ഒരു അധികാര രാഷ്ട്രീയക്കാരന്‍ മാത്രമാണെന്നും മുല്ലപ്പള്ളി തുറന്നടിച്ചു.