ഇ.ഐ.എ വിജ്ഞാപനം; കേന്ദ്ര സർക്കാരിന് താത്കാലിക സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

പ്രകൃതിദുരന്തങ്ങൾ തുടർക്കഥയാകുന്ന കാലത്ത് കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനം (ഇ.ഐ.എ. നോട്ടിഫിക്കേഷൻ 2020) പരിസ്ഥിതി നിയമങ്ങള്‍ക്ക് വെല്ലുവിളിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

ആഗോള മുതലാളിത്ത താത്പര്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന കേന്ദ്ര സർക്കാരിന് താത്കാലികമായ സാമ്പത്തിക നേട്ടം മാത്രമാണ് ലക്ഷ്യമെന്നും എത്രയും വേഗം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും കെ.പി.സി.സി. പ്രസിഡന്റ് ആരോപിച്ചു.

സ്ഥാപിത താത്പര്യക്കാർക്ക് പരിസ്ഥിതിയെ ചൂഷണം ചെയ്യാനുള്ള സാധ്യതകൾക്ക് നിയമപരമായി അംഗീകാരം കൊടുക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ പുതിയ കരട് വിജ്ഞാപനം. പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതി വേണമെന്ന മാനദണ്ഡം ഒഴിവാക്കപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതത്തിലേക്ക് നയിക്കും.

പ്രളയങ്ങളും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളെന്നും പരിസ്ഥിതി ചൂഷണത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പരസ്പരം മത്സരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും‌ മുല്ലപ്പള്ളി ആരോപിച്ചു.

ഇ.ഐ.എ വിജ്ഞാപന വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ കേരള സർക്കാർ ഇപ്പോഴും തയ്യാറാകാത്തത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.