മുല്ലപ്പെരിയാറിന്റെ സുരക്ഷ അന്താരാഷ്ട്ര വിദഗ്ധരുടെ സമിതി പരിശോധിക്കണം; സത്യവാങ്മൂലം നല്‍കി കേരളം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ് മൂലം നല്‍കി. അണക്കെട്ടിന്റെ സുരക്ഷാ പരിശോധന അന്താരാഷ്ട്ര വിദഗ്ധര്‍ അടങ്ങുന്ന സമിതിയുടെ നേതൃത്വത്തില്‍ നടത്തണം. മേല്‍നോട്ട സമിതി അംഗീകരിച്ചിട്ട്ുള്ള പരിഗണനാ വിഷയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം പരിശോധന നടത്തേണ്ടത് എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതിയ സുരക്ഷ പരിശോധന നടത്തണമെന്ന് കേന്ദ്ര ജല കമ്മീഷന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് കരളത്തിന്റെ സത്യവാങ്മൂലം. സുരക്ഷ സംബന്ധിച്ച് തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ജല കമ്മീഷന് അധികാരമില്ല. മേല്‍നോട്ട സമിതിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

2010-11 കാലഘട്ടത്തിലാണ് അണക്കെട്ടില്‍ അവസാനമായി സുരക്ഷാ പരിശോധന നടന്നത്. അതിന് ശേഷം കേരളത്തിന്റെ കാലാവസ്ഥയില്‍ മാറ്റം വന്നിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന 2014-ലെ സുപ്രീംകോടതി വിധിക്ക് ശേഷം മുല്ലപ്പെരിയാര്‍ മേഖലയില്‍ രണ്ട് പ്രളയങ്ങള്‍ ഉണ്ടായി.

ഇതിന് പുറമെ പല ഭൂചലനങ്ങളും ഈ പ്രദേശത്ത് ഉണ്ടായിട്ടുണ്ട. ഇതെല്ലാം അണക്കെട്ടിന്റെ സുരക്ഷയെ ബാധിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സുരക്ഷ പരിശോധന സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അന്തിമ വാദം നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

ഇന്ന് കേസ് പരിഗണിച്ചെങ്കിലും തമിഴ്‌നാടിന്റെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാദം നാളത്തേക്ക് മാറ്റി. കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെയും, രേഖകളുടെയും പകര്‍പ്പ് ഇന്ന് രാവിലെയാണ് കിട്ടിയത്. അത് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റണമെന്നും തമിഴ്‌നാടിന്റെ അഭിഭാഷകന്‍ ശേഖര്‍ നാഫ്ഡെ സുപ്രീംകോടതിയോട് ആവശ്യപ്പെടുകയായിരുന്നു.