കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാർ തുറന്നിട്ടില്ല; തമിഴ്നാട് സുപ്രീം കോടതിയിൽ

കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാർ തുറന്നെന്ന വാദം തള്ളി തമിഴ്നാട് സുപ്രീം കോടതിയിൽ. വെള്ളം തുറന്നുവിടും മുൻപ് കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നതായി തമിഴ്നാടിന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സുപ്രീം കോടതിയിൽ കേരളം സമർപ്പിച്ച പരാതിയിൽ നൽകിയ മറുപടിയിലാണ് തമിഴ്നാട് ഇക്കാര്യം അറിയിച്ചത്.

മുല്ലപ്പെരിയാറിൽ സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് തമിഴ്നാട് വാദിക്കുന്നു. അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് നോക്കിയാണ് അണക്കെട്ട് തുറന്നു വിടുന്നത്. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടുവെന്ന കേരളത്തിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്നും തമിഴ്നാട് നിലപാടറിയിച്ചു.

പകൽസമയത്തു ഷട്ടറുകൾ തുറന്നു വലിയ അളവിൽ വെള്ളം പുറത്തുവിടരുതെന്ന് തമിഴ്നാടിനു നിർദേശം നൽകണമെന്നായിരുന്നു കേരളത്തിന്റെ ഹർജി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിയന്ത്രിക്കാൻ രാവിലെയും രാത്രിയും ജലം തുറന്നുവിടാൻ തമിഴ്നാടിനു നിർദേശം നൽകണം. മുന്നറിയിപ്പില്ലാതെ പകൽനേരം വലിയ അളവിൽ ജലം തുറന്നുവിടുന്നത് ഒഴിവാക്കണം. മുല്ലപ്പെരിയാർ അണക്കെട്ടിനു താഴെ താമസിക്കുന്ന ജനങ്ങളുടെ പ്രയാസം ഒഴിവാക്കാൻ, സുപ്രീംകോടതി നിർദേശിച്ചപ്രകാരം പ്രവർത്തിക്കാൻ മേൽനോട്ട സമിതിക്കു നിർദേശം നൽകണമെന്നും കേരളം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

Read more

കേരളത്തിൻറെ അപേക്ഷയിൽ മറുപടി നൽകാൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് ബുധനാഴ്ച പരിഗണിക്കാനാണ് സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്. ജസ്റ്റിസ് എ എം ഖാൻവീൽക്കർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.