മുല്ലപ്പെരിയാര്‍ കേസ്; മേല്‍നോട്ട സമിതി അദ്ധ്യക്ഷനെ മാറ്റണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി, ഉത്തരവ് നാളെ

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വിധി പറയുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. ഡാം സുരക്ഷാ നിയമപ്രകാരം അധികാരങ്ങള്‍ മേല്‍നോട്ട സമിതിക്ക് കൈമാറുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിക്കുക.

കേസില്‍ മേല്‍നോട്ട സമിതി അധ്യക്ഷനെ മാറ്റണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവിലുള്ള മേല്‍നോട്ട സമിതി ചെയര്‍മാനെ മാറ്റേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. തുടര്‍ന്ന് നിലവിലെ അംഗങ്ങളില്‍ മാറ്റംവരുത്താന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു.

ഇത് സംബന്ധിച്ച ഉത്തരവ് നാളെ പുറപ്പെടുവിക്കും. അഭിഭാഷകര്‍ വ്യത്യസ്ത ആവശ്യങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ് നാളത്തേക്ക് മാറ്റിയത്. തടസ്സപ്പെടുത്തലിനിടെ വിധി പറയാനാകില്ലെന്ന് ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ വ്യക്തമാക്കി.

Read more

ദേശീയ ഡാം സുരക്ഷാ അതോറിറ്റി പ്രവര്‍ത്തന സജ്ജമാകുന്നതുവരെ മേല്‍നോട്ട സമിതി തുടരണമെന്ന് നേരത്തെ സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരുന്നു. അതോറിറ്റി നിലവില്‍വരുന്നതുവരെ ദേശീയ ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരങ്ങള്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് ഉണ്ടായിരിക്കുമെന്നാണ് കോടതി അറിയിച്ചത്.