'മഞ്ഞുമാറിയപ്പോള്‍ ചങ്ങലയില്‍ അവനില്ല'; വിരട്ടാന്‍ കൊണ്ടുവന്ന കുങ്കിയാന കാട്ടുകൊമ്പന്‍മാര്‍ക്കൊപ്പം സ്ഥലംവിട്ടു; ഒരുവിധം പിടിച്ചു കൊണ്ടുവന്ന വനപാലകരെ ഞെട്ടിച്ച് കാട്ടാനകള്‍ അവനെ തേടി വീണ്ടുമെത്തി

പന്തല്ലൂരിനേയും ഇരുമ്പുപാലത്തിന് സമീപമുള്ള ജനവാസ കേന്ദ്രങ്ങളെ വിറപ്പിച്ച കാട്ടുകൊമ്പന്മാരെ വിരട്ടിയോടിക്കാന്‍ കൊണ്ടുവന്ന വനംവകുപ്പിനെ ഞെട്ടിച്ച് കുങ്കിയാന കാട്ടുകൊമ്പന്‍മാര്‍ക്കൊപ്പം സ്ഥലംവിട്ടു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കുങ്കിയാന ചങ്ങല പൊട്ടിച്ച് കാട്ടുകൊമ്പന്‍മാര്‍ക്കൊപ്പം വനമേഖലയിലേക്ക് കടന്നത്. കട്ടക്കൊമ്പന്‍, ബുള്ളറ്റ് എന്നിങ്ങനെ നാട്ടുകാര്‍ പേരിട്ട രണ്ട് കാട്ടാനകള്‍ പന്തല്ലൂരില്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങിയതിനെ തുടര്‍ന്ന് ഊട്ടി മുതുമലയില്‍ നിന്ന് കുങ്കിയാനകളെ കൊണ്ടുവന്ന് വിരട്ടാനുള്ള വനംവകുപ്പിന്റെ ശ്രമങ്ങള്‍ക്കിടയിലാണ് കുങ്കിയാന കാട്ടുകൊമ്പന്‍മാര്‍ക്കൊപ്പം ഒളിച്ചോടിയത്.

മുതുമലയില്‍നിന്നു വസീം, വിജയ്, ശ്രീനിവാസന്‍, ബൊമ്മന്‍ എന്നീ നാല് കുങ്കിയാനകളെയാണ് കട്ടക്കൊമ്പനേയും ബുള്ളറ്റിനേയും തളയ്ക്കാനായി വനപാലകര്‍ എത്തിച്ചത്. വ്യാഴാഴ്ചരാത്രി കാട്ടാനകള്‍ വരുന്നവഴിയില്‍ കുങ്കിയാനകളെ തളച്ചു വിരട്ടിയോടിക്കാനുള്ള നീക്കങ്ങള്‍ ആലോചിക്കുന്നതിനിടയിലാണ് കുങ്കിയാന കൂട്ടത്തിലെ ശ്രീനിവാസന്‍ പഴയ കൂട്ടുകാരെ കണ്ടതോടെ വനപാലകരുടെ കണ്ണുവെട്ടിച്ച് സ്ഥലം കാലിയാക്കിയത്.

സംഭവമിങ്ങനെ, രാത്രി എട്ടുമണിയോടെ പന്തല്ലൂര്‍ പ്രദേശത്ത് കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നു. കുങ്കിയാനകള്‍ നാലിനേയും കാട്ടാനകള്‍ വരുന്ന വഴിയില്‍ തളച്ചിരുന്നു. എന്നാല്‍ മഞ്ഞുനീങ്ങിയപ്പോള്‍ വനപാലകരെ ഞെട്ടിച്ച് ശ്രീനിവാസന്‍ എന്ന കുങ്കിയാന അപ്രത്യക്ഷനായി. ചങ്ങല വേര്‍പെടുത്തിയാണ് കക്ഷി തന്റെ പഴയ കാട്ടിലെ കൂട്ടാളികളോടൊപ്പം സ്ഥലംവിട്ടത്.

പിന്നീടങ്ങോട്ട് വനപാലകരും പാപ്പാന്മാരും പരിസരം മുഴുവന്‍ ശ്രീനിവാസനെ തിരഞ്ഞു. ഒടുവില്‍ രാത്രി 12 മണിയോടെ കാട്ടുകൊമ്പന്മാര്‍ക്കൊപ്പം ശ്രീനിവാസനെ കണ്ടെത്തുകയായിരുന്നു. കട്ടകൊമ്പനും ബുള്ളറ്റും പണ്ട് പന്തല്ലൂരില്‍ വിഹരിച്ചു നടന്ന ശ്രീനിവാസന്റെ പഴയ കൂട്ടുകാരാണെന്നാണ് നാട്ടുകാരുടേയും വനപാലകരുടേയും പക്ഷം. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീനിവാസനും ഈ കാട്ടുകൊമ്പന്‍മാരെ പോലെ നാട്ടിലിറങ്ങി ഭീതിപരത്തിയപ്പോഴാണ് വനംവകുപ്പിന്റെ പിടിയിലായത്. ശ്രീനിവാസനെ പന്തല്ലൂരില്‍നിന്ന് പിടികൂടിയ വനംവകുപ്പ് പിന്നീട്, മുതുമല തെപ്പക്കാട് ആനസങ്കേതത്തില്‍ എത്തിച്ച് പരിശീലനം നല്‍കി കുങ്കിയാനയാക്കുകയായിരുന്നു.

പഴയ കൂട്ടുകാരെ കണ്ടപ്പോള്‍ അവരെ വിരട്ടാനെത്തിയ കുങ്കിയാനയാണെന്നുള്ള കാര്യമൊക്കെ മറന്ന് ശ്രീനിവാസന്‍ ചങ്ങലയും പൊട്ടിച്ച് അവര്‍ക്കൊപ്പം കറങ്ങാനിറങ്ങി. വനപാലകരും പാപ്പാന്മാരും മറ്റു കുങ്കിയാനകളായ വസിം, വിജയ്, ബൊമ്മന്‍ എന്നിവരുടെ സഹായത്തോടെ ശ്രീനിവാസനെ കണ്ടെത്തി തിരിച്ചുകൊണ്ടുവന്നു. പക്ഷേ വെള്ളിയാഴ്ച രാവിലെയായപ്പോള്‍ ശ്രീനിവാസനെ കാണാന്‍ കട്ടക്കൊമ്പനും ബുള്ളറ്റും പ്രദേശത്ത് വീണ്ടുമെത്തി. എന്തായാലും കുങ്കിയാനയായ ശ്രീനിവാസന്റെ കൂട്ടുകാരായ കാട്ടുകൊമ്പന്മാരെ പിന്നീട് വനപാലകര്‍ വിരട്ടിയോടിക്കുകയായിരുന്നു.