പ്രവർത്തകയുടെ മോർഫ് ചെയ്ത അശ്ലീലചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; കെ.എസ്‍.യു നേതാക്കൾക്ക് എതിരെ കേസ്

പ്രവർത്തകയുടെ മോർഫ് ചെയ്ത അശ്ലീലചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ചതിന് കെഎസ്‍യു സംസ്ഥാനതല നേതാക്കൾക്ക് അടക്കം എതിരെ കേസ്. പ്രവർത്തക നേരിട്ട് നൽകിയിരിക്കുന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. കെഎസ്‍യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ, തിരുവനന്തപുരം കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് സെയ്താലി എന്നിവർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.

തൊടുപുഴ മുട്ടം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തന്നെ അപമാനിക്കാൻ സാമൂഹിക മാധ്യമങ്ങളിലൂടെ മോർഫ് ചെയ്ത് ചിത്രങ്ങൾ ഉണ്ടാക്കി പ്രചരിപ്പിച്ചു എന്നാണ് പ്രവർത്തകയുടെ പരാതി. മോർഫ് ചെയ്തു എന്ന് പറയപ്പെടുന്ന ദൃശ്യം ഇതുവരെ കിട്ടിയിട്ടില്ലെന്ന് തൊടുപുഴ പൊലീസ് വ്യക്തമാക്കുന്നു.

പൊലീസിൽ മാത്രമല്ല, ഡിജിപിയ്ക്കും സംസ്ഥാന വനിതാ കമ്മീഷനും പ്രവ‍ർത്തക പരാതി നൽകിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമം എന്നതടക്കമുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

തലസ്ഥാനത്തെ വിദ്യാർത്ഥി സമരങ്ങളിൽ അടക്കം സ്ഥിരം സാന്നിദ്ധ്യമായിരുന്ന നേതാക്കൾക്ക് എതിരെയാണ് ഇപ്പോൾ കേസ് വന്നിരിക്കുന്നത്. ഇതേക്കുറിച്ച് കെപിസിസി അടക്കം നേതൃതലത്തിൽ നിന്നോ, കെഎസ്‍യു സംസ്ഥാന നേതൃത്വത്തിൽ നിന്നോ ഒരു പ്രതികരണവും ഇതുവരെ പുറത്തുവന്നിട്ടില്ല.