വയനാട്ടിൽ കൂടുതല്‍ കിറ്റുകള്‍ പിടിച്ചെടുത്തു; നടപടിയുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, നിഷേധിച്ച് ബിജെപി

ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനെത്തിച്ച കൂടുതല്‍ കിറ്റുകള്‍ പിടിച്ചെടുത്തു. 167 കിറ്റുകളാണ് വയനാട് തെക്കുംതറയില്‍ നിന്നും പിടിച്ചെടുത്തത്. വിഷുവിന് വിതരണം ചെയ്യാൻ എത്തിച്ച കിറ്റുകളാണ് പിടികൂടിയതെന്നാണ് ബിജെപിയുടെ വാദം. അതേസമയം സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

വയനാട് തെക്കുംതറയില്‍ ബിജെപി പ്രാദേശിക നേതാവ് ശശിയുടെ വീട്ടില്‍ നിന്നാണ് കിറ്റുകള്‍ പിടിച്ചെടുത്തത്. വിഷുവിന് വിതരണം ചെയ്യാൻ എത്തിച്ച കിറ്റുകളാണ് പിടികൂടിയതെന്നും കിറ്റുകള്‍ എത്താൻ വൈകിയിരുന്നെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് വിതരണം ചെയ്യാമെന്ന് കരുതി സ്റ്റോക്ക് ചെയ്തതാണെന്നും നേതാക്കൾ പറഞ്ഞു.

പൊലീസും തിരഞ്ഞെടുപ്പ് കമ്മീഷനും സംയുക്തമായി നടത്തിയ റെയ്ഡിലാണ് കൂടുതല്‍ കിറ്റുകള്‍ പിടിച്ചെടുത്തത്. ഓരോ കിറ്റും 5 കിലോ വീതം തൂക്കം വരുന്നതാണ്. 11 സാധനങ്ങളാണ് ഓരോ കിറ്റിലുമുള്ളത്. ഒന്നിന് തന്നെ ഏകദേശം 450 രൂപ വില വരും. സംഭവത്തില്‍ പരിശോധിച്ചശേഷം നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ആര്‍ക്ക് വേണ്ടി, എന്തിന് വേണ്ടി, കിറ്റുകള്‍ കൊണ്ടുവന്നു എന്നത് പരിശോധിക്കുമെന്നും സഞ്ജയ് കൗള്‍ അറിയിച്ചു.

നേരത്തെ വയനാട് ബത്തേരിയില്‍ അവശ്യസാധനങ്ങളടങ്ങിയ 1500ഓളം കിറ്റുകള്‍ പിടിച്ചെടുത്തിരുന്നു. ഇതിലും ബിജെപിക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. ബത്തേരിക്ക് പിന്നാലെ മാനന്തവാടി കെല്ലൂരിലും ബിജെപിക്കെതിരെ കിറ്റ് വിതരണ ആരോപണം വന്നിരുന്നു. ഇത് കൂടാതെയാണ് തെക്കുംതറയില്‍ ബിജെപി നേതാവിന്‍റെ വീട്ടില്‍ നിന്ന് തന്നെ കിറ്റുകള്‍ കണ്ടെടുത്തിരിക്കുന്നത്. ഈ കിറ്റുകള്‍ കല്‍പറ്റ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.