എറണാകുളത്ത് നിയന്ത്രണം കടുപ്പിച്ച് ജില്ലാ ഭരണകൂടം, കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

എറണാകുളം ജില്ലയില്‍ കോവിഡ് ബാധിതർ ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ 36-ാം വാര്‍ഡ് പൂര്‍ണമായി അടച്ചിടും. 52-ാം വാര്‍ഡിനെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി. ഇതിന് പുറമേ ചമ്പക്കര മാര്‍ക്കറ്റ് ഒഴികെയുളള 50-ാം വാര്‍ഡിലും നിയന്ത്രണം ഏര്‍പ്പെടുത്തി.

കൊച്ചി കോര്‍പ്പറേഷന് പുറമേ തൃപ്പൂണിത്തുറ നഗരസഭയിലെ 35,48 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണാക്കിയിട്ടുണ്ട്. വടക്കേക്കര ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയ മറ്റൊരു പ്രദേശം. ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി മേഖലയില്‍ അന്‍പതോളം കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അതീവ ജാഗ്രതയിലാണ് പ്രദേശം. പശ്ചിമകൊച്ചിയില്‍ നഗരസഭയുടെ ഒന്നു മുതല്‍ 9 വരെയുള്ള ഡിവിഷനുകളും 24, 27, 28 ഡിവിഷനുകളും കണ്ടെയ്ന്‍മെന്റ് സോണുകളാണ്. 3-ാം ഡിവിഷനില്‍ 13 പേര്‍ക്കും 2-ാം ഡിവിഷനില്‍ 12 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്നലെ ജില്ലയില്‍ 61 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 60 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത് എന്നത് ജില്ലാ ഭരണകൂടത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. അതിനാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിക്കും കളമശ്ശേരി പിഎച്ച്‌സിയിലെ ഒരു ഡോക്ടര്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂത്താട്ടുകുളത്ത് രോഗം സ്ഥിരീകരിച്ച മൂന്ന് പേരില്‍ കുടുംബ ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയും കോവിഡ് സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനാണ് ഇയാള്‍.