മോന്‍സണ്‍ പ്രതിയായ പോക്‌സോ കേസ്; പെണ്‍കുട്ടിയെ പൂട്ടിയിട്ട രണ്ട് ഡോക്ടര്‍മാര്‍ക്ക് എതിരെ കേസ്

 

മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ രണ്ട് ഡോക്ടർമാർക്കെതിരെ കേസെടുത്തു. വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി എന്ന് പീഡനക്കേസിലെ പെണ്‍കുട്ടി ഡോക്ടര്‍മാര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്.

സംഭവദിവസം തന്നെ കൊച്ചി നോർത്ത് വനിത പൊലീസ് സ്റ്റേഷനിലെത്തി പെൺകുട്ടി നേരിട്ട് പരാതി നൽകിയിരുന്നു. സംഭവത്തില്‍ അന്വേഷണസംഘം ഇന്ന് മെഡിക്കൽ കോളജിലെത്തി ഡോക്ടർമാരുടെ മൊഴിയെടുക്കും.

മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെ കോടതിയില്‍ രഹസ്യമൊഴി എടുക്കുന്നതിന് മുമ്പായി വൈദ്യപരിശോധനക്ക് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിടുകയും മോന്‍സണ് അനുകൂലമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ മോന്‍സണ്‍ മാവുങ്കലിന്റെ മകന്‍ പഠിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഇത്തരം ഒരു സമീപനം ഉണ്ടായതെന്നും പെണ്‍കുട്ടി പരാതിയിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് വിശദമായ വിവരങ്ങൾ ഡോക്ടര്‍മാര്‍ ചോദിച്ചറിഞ്ഞുവെന്നും വ്യക്തിപരമായി അധിക്ഷേപിച്ചെന്നും പെണ്‍കുട്ടി പരാതിപ്പെട്ടു.