മോഫിയ കേസ്: ഭര്‍ത്താവ് സുഹൈലിന് ജാമ്യം

ആലുവയില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് സുഹൈലിന് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും, രണ്ട് ആള്‍ ജാമ്യവുമാണ് വ്യവസ്ഥ.  കേസില്‍ ഒന്നാം പ്രതിയാണ് സുഹൈല്‍. രണ്ടും മൂന്നും പ്രതികളായ സുഹൈലിന്റെ മാതാപിതാക്കള്‍ക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

നവംബര്‍ 23 നായിരുന്നു എടയപ്പുറം സ്വദേശിയായ മോഫിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു മരണം. ഭര്‍ത്താവിന്റെ വീട്ടില്‍ ക്രൂരപീഡനങ്ങള്‍ക്ക് ഇരയായതായി ആത്മഹത്യാക്കുറിപ്പില്‍ മോഫിയ എഴുതിയിരുന്നു. പരാതി നല്‍കാന്‍ ചെന്നപ്പോള്‍ ആലുവ സി.ഐ മോശമായി പെരുമാറിയെന്നും, അസഭ്യം പറഞ്ഞുവെന്നും കുറിപ്പില്‍ ഉണ്ടായിരുന്നു. സി.ഐക്കെതിരെ നടപടിയെടുക്കണമെന്ന് മോഫിയ ആത്മഹത്യാക്കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു. സി.ഐയെ പിന്നീട് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് സുഹൈലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മോഫിയയുടെ മരണത്തില്‍ സുഹൈലിന്റെ അമ്മ റുഖിയ രണ്ടാം പ്രതിയാണ്. പിതാവ് യൂസഫ് മൂന്നാം പ്രതിയും. ഗാര്‍ഹീക പീഡനത്തിനും സ്ത്രീധന പീഡനത്തിനും മോഫിയ ഇരയായെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു മോഫിയ.