തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി കേരളത്തിലേക്ക്; ആദ്യറാലി ഈ മാസം 30-ന്

 

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. നരേന്ദ്രമോദിക്കൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപിയുടെ ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയവരും വിവിധ തിയതികളിലായി സംസ്ഥാനത്ത് എത്തും. ഈ മാസം 30ന് മോദി പങ്കെടുക്കുന്ന ആദ്യറാലി നടക്കുമെന്ന് ട്വന്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു.

നാല് റാലികളാണ് ഇതുവരെ ബി.ജെ.പി തീരുമാനിച്ചിട്ടുള്ളത് എന്നാണ് റിപ്പോർട്ട്. ഏതൊക്കെ മണ്ഡലങ്ങളിലായിരിക്കും റാലി എന്നത് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം മാത്രമേ നിശ്ചയിക്കൂ. സുപ്രധാന മണ്ഡലങ്ങളിൽ മോദി റാലി നടത്തും. ജില്ലാ കേന്ദ്രങ്ങളിലാവും റാലി. മാർച്ച് 30നും ഏപ്രിൽ 2നുമാവും റാലികൾ.

മാർച്ച് 24, 25, ഏപ്രിൽ 3 തിയതികളിൽ അമിത് ഷായും മാർച്ച് 27, 31 തിയതികളിൽ ജെ പി നദ്ദയും കേരളത്തിൽ എത്തും. രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി എന്നിവർ മാർച്ച് 28നും യോഗി ആദിത്യനാഥ് മാർച്ച് 27നും കേരളത്തിൽ ഉണ്ടാവും. ഖുശ്ബു സുന്ദർ മാർച്ചിലെ പല തിയതികളിൽ ഉണ്ടാവും. വിജയശാന്തി ഉൾപ്പെടെയുള്ള സിനിമാതാരങ്ങളും ബിജെപി പ്രചാരണത്തിനായി കേരളത്തിൽ എത്തും.