പിണറായിക്കെതിരെ വിമര്‍ശനവുമായി എം. എം ലോറന്‍സ്; ശൈലി ശരിയല്ലെന്നും സി.പി.എം നേതാവ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതോടെ പരാജയത്തിന്റെ ഉത്തരവാദിത്വം സിപിഎമ്മില്‍ ചര്‍ച്ചയാകുന്നു. നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും വിരല്‍ ചൂണ്ടുന്നത് പിണറായിയിലേക്ക് തന്നെയാണ്.

ശബരിമലയടക്കമുള്ള വിഷയങ്ങള്‍ പിണറായി കൈകാര്യം ചെയ്ത രീതി ശരിയായിരുന്നില്ലെന്ന് നേരത്തെ തന്നെ പാര്‍ട്ടിയില്‍ വിമര്‍ശനമുണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റാലും നിലപാടില്‍ മാറ്റമില്ല എന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആവേശത്തോടെ കേട്ടവര്‍ തന്നെ ഇപ്പോള്‍ സംശയത്തിന്റെ വിരല്‍ നീട്ടുന്നു.

ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചെന്ന എം. എം ലോറന്‍സിന്റെ വെളിപ്പെടുത്തല്‍ അതാണ് സൂചിപ്പിക്കുന്നത്. പാര്‍ട്ടി കുടുംബങ്ങളിലെ സ്ത്രീകളെ പോലും വിപരീതമായി ഇത് സ്വാധീനിച്ചു എന്നാണ് ലോറന്‍സ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഇടപെടുലുകളിലെ പാകപ്പിഴകള്‍ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ പാര്‍ട്ടി നേതാക്കള്‍ ഇത് പരസ്യമായി പറഞ്ഞിട്ടില്ല.

തിരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ മുഖ്യമന്ത്രിയുടെ ശൈലീമാറ്റത്തിനും മുറവിളി ഉയരുന്നുണ്ട്. കാര്യങ്ങള്‍ പറയുമ്പോള്‍ സ്വീകരിക്കാന്‍ ഒരു ശൈലിയുണ്ട്, ഒരു ഭാഷയുണ്ട്. അത് ശ്രദ്ധയോടെയല്ലെങ്കില്‍ ദുര്‍വ്യാഖ്യാനത്തിന് കാരണമാകുമെന്നും ലോറന്‍സ് സൂചിപ്പിക്കുന്നു.