പുരുഷന്‍ പ്രസവിച്ചു എന്നു പ്രചരിപ്പിക്കുന്നവര്‍ മൂഢരുടെ സ്വര്‍ഗത്തില്‍, പുരുഷന് ഒരിക്കലും പ്രസവിക്കാനാകില്ല; എം.കെ മുനീര്‍

ഇന്ത്യയില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രഗ്‌നനന്‍സിയിലൂടെ മലയാളികളായ സഹദിനും സിയക്കും കുഞ്ഞു പിറന്നതില്‍ പ്രതികരണവുമായി എം കെ മുനീര്‍ എംഎല്‍എ. ട്രാന്‍സ് ദമ്പതികള്‍ക്ക് കുഞ്ഞുപിറന്നതില്‍ പുരുഷന് കുഞ്ഞു പിറന്നു എന്ന തരത്തില്‍ പ്രചാരണം നടക്കുന്നതായി അദ്ദേഹം പറഞ്ഞു. പുരുഷന്‍ പ്രസവിച്ചു എന്ന് പ്രചരിപ്പിക്കുന്നവര്‍ മൂഢരുടെ സ്വര്‍ഗത്തിലാണെന്നും എംഎല്‍എ വിമര്‍ശിച്ചു.

കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിസ്ഡം ഇസ്ലാമിക് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാന്‍സ്മാന് പ്രസവിക്കാനാകില്ല എന്നത് ആദ്യം മനസിലാക്കണം. പുറംതോടില്‍ പുരുഷനായി മാറിയെങ്കിലും യഥാര്‍ത്ഥത്തില്‍ സ്ത്രീയായതിനാലാണ് പ്രസവിക്കാന്‍ കഴിഞ്ഞത്.

അതേസമയം സ്ത്രീയായി ജനിച്ച് പുരുഷനായി ജീവിച്ച സഹദിനും പുരുഷനായി ജനിച്ച് സ്ത്രീയായി ജീവിച്ച സിയയ്ക്കും കഴിഞ്ഞ ദിവസമാണ് കുഞ്ഞു പിറന്നത്. കോഴിക്കോട് മെഡിക്കല്‍കോളേജ് മാതൃശിശുസംരക്ഷണകേന്ദ്രത്തിലായിരുന്നു പ്രസവം.ഹോര്‍മോണ്‍ തെറാപ്പി നടത്തി സഹദിന്റെ മാറിടം നീക്കം ചെയ്തിരുന്നു. ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ഘട്ടമെത്തിയപ്പോഴാണ് സ്വന്തമായി ഒരു കുഞ്ഞെന്ന മോഹം ഇരുവര്‍ക്കുമുണ്ടായത്.

സിയ ആ സമയത്ത് ട്രാന്‍സ് സ്ത്രീ ആവാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയ ആയിരുന്നുമില്ല. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സഹദ് ചികിത്സ തുടങ്ങിയത്. രണ്ടാമത്തെ ഗര്‍ഭധാരണമാണ് വിജയം കണ്ടത്. കുഞ്ഞിന് മില്‍ക്ക് ബാങ്ക് വഴിയാണ് മുലപ്പാല്‍ നല്‍കുക.