സ്ത്രീവിരുദ്ധ പരാമർശം: സി. പി. മാത്യൂവിനെതിരെ പരാതി നല്‍കി സിപിഐഎം വനിതാ നേതാവ്

സമരത്തിനിടെ എതിരാളികള്‍ അടുത്തു വന്നാല്‍ സ്വന്തം ബ്ലൗസ് വലിച്ചുകീറാന്‍ കഞ്ഞിക്കുഴി മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനോട് നിര്‍ദേശിച്ചെന്ന് പ്രസംഗിച്ച ഇടുക്കി ഡിസിസി പ്രസിഡന്റ് സി. പി. മാത്യൂവിനെതിരെ പരാതി നല്‍കി സിപിഐഎം വനിതാ നേതാവ്. വ്യക്തിഅധിക്ഷേപം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും കാട്ടിയാണ് ലിസി ജോസഫ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.

ലിസി ജോസഫ് സായിപ്പിന്റെ മകള്‍ ആണെന്നും വിശുദ്ധയാണെന്നും സി. പി. മാത്യൂ അധിക്ഷേപിച്ചുവെന്നും പരാതിയില്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥി റോയി കെ. പൗലോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രസംഗിക്കവെയായിരുന്നു സി. പി. മാത്യൂവിന്റെ വിവാദപരാമര്‍ശം.

‘ഉപതെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചു. രാജേശ്വരിയെ വൈസ് പ്രസിഡന്റാക്കിയ ശേഷമുള്ള സമ്മേളനത്തില്‍ സംഘര്‍ഷമുണ്ടായി. എല്‍ഡിഎഫുകാര്‍ വന്നാല്‍ സ്വന്തം ബ്ലൗസ് കീറാന്‍ രാജേശ്വരിയോട് പറഞ്ഞിരുന്നു. രാജേശ്വരി ആദിവാസിയായതിനാല്‍ വകുപ്പ് വേറെയാകുമെന്നറിയാം’ എന്നാണ് സി. പി .മാത്യൂ പ്രസംഗിച്ചത്.