'രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുന്നു, മാർച്ച് 22ന് ഉപവാസപ്രാർത്ഥന ദിനം'; പള്ളികളിൽ സർക്കുലർ വായിച്ച് ലത്തീൻ രൂപത

രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുന്നതായി ലത്തീൻ രൂപത. രാജ്യത്തിന്‍റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഉപവാസ പ്രാർത്ഥനദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ സർക്കുലർ വായിച്ചു. തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്തയാണ് സർക്കുലർ ഇറക്കിയത്.

ക്രിസ്തീയ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണം പതിവായെന്നും മത ധ്രുവീകരണം രാജ്യത്തെ സാമൂഹിക സൗഹാർദം തകർക്കുന്നുവെന്നും സർക്കുലറിൽ കുറ്റപ്പെടുത്തി. മാർച്ച് 22ന് ഉപവാസ പ്രാർത്ഥന ദിനം ആചരിക്കണമെന്നാണ് ഇന്ത്യൻ കത്തോലിക്കാ സഭയുടെ ആഹ്വാനം. ഇതറിയിച്ചുകൊണ്ടാണ് ലത്തീൻ പള്ളികളിൽ സർക്കുലർ വായിച്ചത്. രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വ‌ർധിക്കുന്നുവെന്നുമാണ് ലത്തീൻ അതിരൂപതയുടെ സർക്കുലർ.

ഈ മാസം 22ന് അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ പ്രത്യേക പ്രാർത്ഥന നടത്തണമെന്നും സർക്കുലർ ആഹ്വാനം ചെയ്യുന്നുണ്ട്. 2023 ൽ മാത്രം 687 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ ഉണ്ടായെന്നും സർക്കുലറിൽ പറഞ്ഞു. 2014ൽ 147 ആക്രമണങ്ങളാണ് ക്രൈസ്തവർക്കെതിരെ നടന്നിരുന്നതെന്നും ചൂണ്ടിക്കാട്ടി. ലത്തീൻ സഭയുടെ കീഴിലുള്ള എല്ലാ പള്ളികളിലും സർക്കുലർ വായിക്കുന്നുണ്ട്.