ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഫത്വയുമായെത്തിയവരെ ജയിലില്‍ അടയ്ക്കണം; അമ്പലക്കാടന്മാര്‍ മതസൗഹാര്‍ദത്തിന് വിലങ്ങുതടി; രൂക്ഷവിമര്‍ശനവുമായി മന്ത്രി

ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ ഫത്വയുമായെത്തിയ സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിനെപ്പോലുള്ളവരെ ജയിലിലടക്കണമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍. ചില അമ്പലക്കാടന്മാര്‍ സംസ്ഥാനത്തെ മതസൗഹാര്‍ദത്തിന് വിലങ്ങുതടിയായി നില്‍ക്കുകയാണെന്ന് അദേഹം വിമര്‍ശിച്ചു.

ക്രിസ്മസ് ആഘോഷങ്ങളില്‍ മുസ്‌ലിംകള്‍ പങ്കെടുക്കരുതെന്ന് പറയാന്‍ അദ്ദേഹത്തിന് എന്തവകാശമാണുള്ളത്. ഇങ്ങനെയുള്ള ആളുകളെ ജയിലലടക്കണമെന്ന അഭിപ്രായമാണ് ന്യൂനപക്ഷ വകുപ്പിന്റെ മന്ത്രി എന്ന നിലയില്‍ തനിക്കുള്ളത്.
കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ തുടര്‍ന്നാല്‍ ആവശ്യമായ നടപടി സ്വീകരിക്കേണ്ടി വരുമെന്ന താക്കീതും മന്ത്രി നല്‍കി.

കേരളം എന്നത് എല്ലാവരും സൗഹാര്‍ദത്തോടെ നിലകൊള്ളുന്ന സ്ഥലമാണ്. അത്തരക്കാര്‍ക്ക് ഇവിടെ സ്ഥാനമില്ല. അവരെ അര്‍ഹിച്ച അവജ്ഞയോടെ പൊതുസമൂഹം തള്ളിക്കളയും. ഇനിയും ഇത്തരം പ്രസ്താവനകളുമായി വന്നാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ, ക്രിസ്മസ് ആഘോഷങ്ങളില്‍ ഒരു മുസ്ലീമും പങ്കെടുക്കരുതെന്നും ഇത്തരം ആഘോഷങ്ങള്‍ക്കെതിരെയും ആരാധനകളോടെല്ലാം ജാഗ്രത പുലര്‍ത്തണമെന്നുമാണ് എസ്.വൈ.എസ് നേതാവ് നിര്‍ദേശം നല്‍കിയത്. ക്രിസ്മസ് സ്റ്റാര്‍, ക്രിസ്മസ് ട്രീ, സാന്റാക്ലോസ്, പുല്‍ക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കല്‍ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്ലിം സമുദായത്തിലേക്ക് പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ മുസ്ലീം സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും എസ്.വൈ.എസ് നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് നിര്‍ദേശം നല്‍കി.

2003ല്‍ ഒരു മുസ്ലിം മന്ത്രി നെറ്റിയില്‍ തിലകം ചാര്‍ത്തി ശൃങ്കേരി മഠം സന്ദര്‍ശിച്ചപ്പോള്‍ സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ സുന്നി യുവജന സംഘം കര്‍ശനമായ നിലപാടാണെടുത്തത് ഓര്‍മിപ്പിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് അമ്പലക്കടവ് ക്രിസ്മസ് ആചാരങ്ങള്‍ കടത്തിക്കൂട്ടുന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

”ഇതര മതസ്ഥരോടു സൗഹൃദവും സഹിഷ്ണുതയും കാണിക്കാന്‍ ഇസ്ലാം അനുശാസിക്കുന്നു. വീട്ടില്‍ ആടിനെ അറുത്താല്‍ അയല്‍ക്കാരനായ ജൂതന് ആദ്യം നല്‍കണമെന്നായിരുന്നു പ്രവാചകാനുചരന്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. ഇസ്ലാമിക ഭരണകൂടം ഇതര മതസ്ഥര്‍ക്ക് എല്ലാ വിധ അവകാശാധികാരങ്ങളും വകവെച്ച് കൊടുക്കണമെന്നാണ് നിയമം.

ഇസ്ലാമിക ചരിത്രം ഇത് സാക്ഷീകരിക്കുന്നു. പക്ഷേ, അവരുടെ ആരാധനകളിലും ആഘോഷങ്ങളിലും പങ്കെടുക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. ഏക ദൈവാരാധന ഇസ്ലാമിലെ അടിസ്ഥാന വിശ്വാസമാണെന്നതാണ് കാരണം. ഇതര മതസ്ഥരുടെ ചില ആരാധനകളില്‍ പങ്കെടുക്കല്‍ തെറ്റും, മറ്റു ചിലതില്‍ പങ്കെടുക്കല്‍ ഇസ്ലാമില്‍ നിന്ന് പുറത്തു പോകുന്ന കാര്യവുമാണ്. ഇക്കാര്യം വിശദമായും കണിശമായും കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്.

Read more

2015ല്‍ നിലവിളക്ക് കൊളുത്തല്‍ വിവാദമുണ്ടായപ്പോള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഖണ്ഡിതമായ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. അതിപ്രകാരം. ‘മറ്റൊരു മതത്തിന്റെ പ്രത്യേക ആചാരം സ്വീകരിക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ആനക്കര സി. കോയക്കുട്ടി മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ എന്നിവര്‍ പറഞ്ഞു. നിലവിളക്ക് കൊളുത്തല്‍ ഹിന്ദു മതവിഭാഗത്തിന്റെ പ്രത്യേക ആചാരമാണ്. അത് സ്വീകരിക്കല്‍ ഇസ്ലാമിക വിശ്വാസികള്‍ക്ക് അനുവദനീയം അല്ലെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.