പാലാരിവട്ടം കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ കുടുക്കിയതാണെന്ന് മന്ത്രി സുധാകരന്‍

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ കുടുക്കിയതാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. കൊച്ചിയിലെ പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയയാണ് ഇതിന് പിന്നിലെന്നും ജി. സുധാകരന്‍ അഭിപ്രായപ്പെട്ടു. ഇബ്രാഹിംകുഞ്ഞിന് നാലഞ്ച് കോടിയൊക്കെ ലഭിച്ചിട്ട് അത്യാവശ്യമൊന്നുമില്ലെന്ന് നമുക്കൊക്കെ അറിയാവുന്നതല്ലേ എന്നും മന്ത്രി പറഞ്ഞു.

ഇബ്രാഹിംകുഞ്ഞിനെ വീഴ്ത്തിയതാണ്, പണം വാങ്ങിയോ ഇല്ലയോ എന്നതൊക്കെ വേറെ കാര്യമാണ്. അതേക്കുറിച്ചൊന്നും പറയുന്നില്ല. പക്ഷേ, പാലാരിവട്ടം പാലം പോലെ, ധൃതിപിടിച്ച് എന്തെങ്കിലും ഈ സർക്കാരിനെ കൊണ്ടും ചെയ്യിക്കണം. അങ്ങനെ കേസ് വരണം. ഇത്തരം പദ്ധതികൾ ഇടുന്ന ഒരു പ്രൊഫഷണല്‍ ക്രിമിനല്‍ സംഘമുണ്ടിവിടെ. താനിത് നേരത്തേയും പറഞ്ഞതാണെന്നും. അതുതന്നെ ആവര്‍ത്തിക്കുന്നുവെന്നും ജി. സുധാകരന്‍ പറഞ്ഞു.

വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുമ്പേ ചിലർ തുറന്ന സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും മന്ത്രി സുധാകരന്‍ ആവശ്യപ്പെട്ടു. പാലാരിവട്ടം പാലം അഴിമതിക്ക് പിന്നിലുള്ള അതേ സംഘമാണ് ഈ സംഭവത്തിനും പിന്നിലെന്നും മന്ത്രി ആരോപിച്ചു.

കണ്ടുകൊണ്ട് നില്‍ക്കുന്നവര്‍ക്കും കുറ്റം പറയുന്നവര്‍ക്കും കയറി നിരങ്ങാനുള്ളതല്ല പാലങ്ങളും റോഡുകളും എന്ന് മന്ത്രി പറഞ്ഞു. നിര്‍മ്മിക്കുന്നവര്‍ തീരുമാനിക്കും എന്ന് തുറക്കണമെന്ന്. 100 ശതമാനം സാമൂഹിക വിരുദ്ധരായ സംഘമാണ് സംഭവത്തിന് പിന്നില്‍. ഇതിന്റെ എല്ലാം പിന്നിലൊരു പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയ എറണാകുളത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സംഭവത്തില്‍ ഗൂഢാലോചനയുണ്ട്. വിശദമായ അന്വേഷണം വേണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒറ്റയാളെയും വെറുതെ വിടാന്‍ പാടില്ല എന്നും ജി സുധാകരൻ പറഞ്ഞു.