'റബറിന്റെ താങ്ങുവില ഉയര്‍ത്തുന്നതിന് കേന്ദ്രസഹായം ആവശ്യം'; പ്രകടന പത്രികയിലെ 250 രൂപ കര്‍ഷകന് കിട്ടില്ല; നിലപാട് വ്യക്തമാക്കി മന്ത്രി

റബറിന്റെ താങ്ങുവില ഉയര്‍ത്തുന്നതിന് കേന്ദ്രസഹായം ആവശ്യമാണെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്ന ഇറക്കുമതി ചുങ്കത്തില്‍നിന്നും സംസ്ഥാനങ്ങളുടെ ഉല്‍പാദനം കണക്കാക്കി ആനുപാതികമായ തുക വില സ്ഥിരത ഫണ്ടിലേക്ക് ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ എല്‍ഡിഎഫ് പ്രകടന പത്രികയില്‍ റബറിന്റെ താങ്ങുവില 250 ആയി ഉയര്‍ത്തുമെന്ന് വാഗ്ാദനം നല്‍കിയിരുന്നു. ഇത് തള്ളിയാണ് കൃഷിമന്ത്രി തന്നെ രംഗത്ത് വന്നിരിക്കുന്നത്.

2020-21 വര്‍ഷത്തില്‍ റബറിന്റെ ഉല്‍പാദനക്ഷമത ഹെക്ടറിന് 1534 കിലോഗ്രാമില്‍ നിന്നും 1565 കിലോഗ്രാമായി വര്‍ധിച്ചിട്ടുണ്ട്. കേരളത്തിലെ ആകെ റബര്‍ ഉല്‍പാദനം 5.19 ലക്ഷം ടണ്ണില്‍ നിന്നും 5.566 ലക്ഷം ടണ്ണായി വര്‍ധിച്ചിട്ടുണ്ട്.

റബര്‍ കര്‍ഷകരെ സഹായിക്കാന്‍ 2015-16 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ റബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് പദ്ധതി നടപ്പിലാക്കി വരുന്നുണ്ടെന്നും അദേഹം പറഞ്ഞു. 2022-23 വര്‍ഷം 500 കോടി രൂപയാണ് റബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് നല്‍കുന്നതിനായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളതെന്നും പി. പ്രസാദ് പറഞ്ഞു.