മിനിമം ബസ് ചാര്‍ജ് പത്ത്, ഓട്ടോ ചാര്‍ജ് മുപ്പത്; നിരക്ക് വര്‍ദ്ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

സംസ്ഥാനത്തെ ബസ്,ഓട്ടോ, ടാക്‌സികളുടെ നിരക്ക് വര്‍ദ്ധനവിന് മന്ത്രിസഭയുടെ അംഗീകാരം. മിനിമം ബസ് ചാര്‍ജ് 8 രൂപയില്‍ നിന്ന് പത്തു രൂപയായും ഓട്ടോ ചാര്‍ജ് 25ല്‍ നിന്ന് 30 രൂപയായുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 1500 സിസിക്ക് മുകളിലുള്ള ടാക്‌സികളുടെ മിനിമം നിരക്ക് 200 രൂപയില്‍ നിന്ന് 225 രൂപയായും ഉയര്‍ത്തി.

മിനിമം ബസ് ചാര്‍ജ് പത്തു രൂപയാക്കുന്നതിനോടൊപ്പം കിലോമീറ്ററിന് ഒരു രൂപകൂട്ടാനും യോഗം അനുമതി നല്‍കി. ഇത് സംബന്ധിച്ച് വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും. മെയ് ഒന്ന് മുതലാകും പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.

അതേ സമയം വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ ഒരു കമ്മീഷനെ ഇന്ന് നിയമിക്കും. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശിപാര്‍ശ പ്രകാരം മാര്‍ച്ച് 30ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ നിരക്ക് വര്‍ധനക്ക് അനുകൂലമായ തീരുമാനമെടുത്തിരുന്നു. എന്നാല്‍ മന്ത്രിസഭ കൂടിയതിന് ശേഷം ഉത്തരവിറക്കിയാല്‍ മതിയൊയിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം.