'മൈക്രോസോഫ്റ്റ് പ്രവർത്തനരഹിതം', ലോകം നിശ്ചലം; പക്ഷേ കേരളത്തിന് മാത്രം ഒന്നും സംഭവിച്ചില്ല; നാം എപ്പോഴും രാജ്യത്തിന് ഒരുമുഴം മുന്നിലെന്ന് മന്ത്രി പി രാജീവ്

മൈക്രോസോഫ്റ്റ് പ്രവർത്തനരഹിതമായി ലോകം നിശ്ചലമായിട്ടും കേരളത്തിന് മാത്രം ഒന്നും സംഭവിച്ചില്ലെന്ന് മന്ത്രി പി രാജീവ്. നാം എപ്പോഴും രാജ്യത്തിന് ഒരുമുഴം മുന്നിലാണെന്നും മന്ത്രി പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ്‌‌വേർ ആയ ഉബുണ്ടു ആണ് കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളെ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നതുകൊണ്ടാണ് ലോകമാകെ വലിയ നഷ്ടം സൃഷ്ടിച്ച മൈക്രോസോഫ്റ്റിന്‍റെ തകരാർ കേരളത്തെ ബാധിക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു.

കുറിപ്പ് ഇങ്ങനെ

‘ഇന്നലെയും ഇന്നുമായി ലോകം മുഴുവൻ ചർച്ച ചെയ്യുന്ന വിഷയമാണ് മൈക്രോസോഫ്റ്റ് പ്രവർത്തനരഹിതമായ കാര്യം. ലോകമാകെ സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള ഓഫീസുകൾ നിശ്ചലമാകുകയും വിമാനങ്ങളുൾപ്പെടെ റദ്ദ് ചെയ്യുകയും ചെയ്ത പ്രശ്നം പക്ഷേ കേരളത്തിൻ്റെ പൊതുമേഖലയെ ബാധിച്ചിട്ടില്ല. സ്വതന്ത്ര സോഫ്റ്റ്‌‌വേർ ആയ ഉബുണ്ടു ആണ് കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളെ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നതുകൊണ്ടാണ് ലോകമാകെ വലിയ നഷ്ടം സൃഷ്ടിച്ച മൈക്രോസോഫ്റ്റിൻ്റെ തകരാർ കേരളത്തെ ബാധിക്കാതിരുന്നത്.

കേരളത്തിലെ സർക്കാർ ഓഫീസുകളിൽ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾ സ്വതന്ത്ര സോഫ്റ്റ്‌വേർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയാണ്. 2006ൽ അധികാരത്തിലേറിയ ഇടതുപക്ഷ സർക്കാർ കേരളത്തിൽ 2007ൽ കൊണ്ടുവന്ന ഐടി നയമാണ് ഈ മാറ്റത്തിന് ശക്തമായ അടിത്തറ പാകിയത്. 2008ലെ എസ് എസ് എൽ സി ഐടി പ്രാക്റ്റിക്കൽ പരീക്ഷ നമ്മൾ സ്വതന്ത്ര സോഫ്റ്റ്‌‌വേർ ഉപയോഗിച്ച് നടത്തിയത് വലിയ മുന്നേറ്റത്തിൻ്റെ ആദ്യപടിയായി മാറി. ആ സർക്കാരിൻ്റെ കാലത്ത് നടപ്പിലാക്കിയ 3 വർഷത്തെ കർമ്മ പദ്ധതിയിലൂടെ ഘട്ടം ഘട്ടമായി സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ കൊണ്ടുവന്ന മാറ്റമാണ് ഇപ്പോൾ നമുക്ക് കൈത്താങ്ങായി മാറിയത്. ഒപ്പം ഈ മാറ്റത്തിലൂടെ വലിയ ലാഭവും കേരളത്തിനുണ്ടായിട്ടുണ്ട്. ഡിജിറ്റൽ ഡിവൈഡ് ഉണ്ടാകാൻ പാടില്ലെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയം സ്വതന്ത്ര സോഫ്റ്റ്‌‌വേറുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്ന് കെ-ഫോൺ വരെയെത്തി നിൽക്കുന്നു. നമുക്ക് അഭിമാനത്തോടെ പറയാം നാം എപ്പോഴും രാജ്യത്തിന് ഒരുമുഴം മുന്നിലാണ് സഞ്ചരിക്കുന്നതെന്ന്’.

മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം തകരാറിലായത് ബാധിച്ചത് ആഗോള തലത്തിലാണ്. ലോകത്തുടനീളമുള്ള സേവനങ്ങളെയാണ് തകരാർ ബാധിച്ചത്. ബാങ്കിംഗ് മേഖലയിലടക്കം ലോകത്തിലെ മുൻനിര കമ്പനികളെയും, യുഎഇ വിദേശകാര്യ മന്ത്രാലയത്തെയും, വിമാന സർവീസുകളെയും മറ്റുമാണ്. അതേസമയം മൈക്രോസോഫ്റ്റിന്റെ വിപണിമൂല്യത്തിൽ മണിക്കൂറുകൾ കൊണ്ടുണ്ടായത് 1.9 ലക്ഷം കോടിയുടെ ഇടിവാണ്.

ക്ലൗഡ് സേവനങ്ങളിലുണ്ടായ തകരാറിനെ തുടർന്ന് ഇൻഡിഗോ 192 വിമാനസർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്. ഫ്ലൈറ്റ് റീബുക്കിങ്ങിനോ റീഫണ്ടിനോ ഉള്ള ഓപ്‌ഷൻ പോലും ലഭിച്ചില്ല. കൊച്ചി, കോഴിക്കോട് അന്താരാഷട്ര വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളും ഇതിൽ ഉൾപ്പെട്ടിരുന്നു. ഇൻഡിഗോ കൂടാതെ, ആകാശ, സ്പൈസ്ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ കമ്പനികളുടെ ചെക്ക്-ഇൻ ജോലികളും താറുമാറായി. ബുക്കിങ്, ചെക്ക്-ഇൻ, റീഫണ്ട് സേവനങ്ങൾക്കാണ് തടസ്സങ്ങൾ നേരിട്ടത്. യാത്രക്കാരുടെ സമ്മർദ്ദത്തെ തുടർന്ന് കമ്പനികൾ പിന്നീട് മാന്വൽ ചെക്കിൻ നടപടികളിലേക്ക് മാറുകയും ചെയ്തു.

The Microsoft / CrowdStrike outage has taken down most airports in India. A traveler got his hand-written boarding pass today : r/Damnthatsinteresting

ഇന്റർനെറ്റ് തടസ്സം യുഎഇ വിദേശകാര്യ മന്ത്രാലയത്തെയും ബാധിച്ചു. അറ്റസ്‌റ്റേഷൻ ഉൾപ്പെടെയുള്ള സേവനങ്ങളാണ് തടസ്സപ്പെട്ടത്. പ്രശ്നം പരിഹരിക്കും വരെ ഇടപാടുകൾ നടത്തരുതെന്ന് മന്ത്രാലയം നിർദേശം നൽകി. അതേസമയം ബാങ്കുകൾ, എയർലൈൻസ്, ടെലികമ്യൂണിക്കേഷൻ കമ്പനികൾ, ടിവി, റേഡിയോ ബ്രോഡ്‌കാസ്‌റ്റുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള ബിസിനസ്സുകളെ തകരാർ ബാധിച്ചു.

Read more