എം ജി സര്‍വകലാശാലയുടെ നടപടി കണ്ണില്‍ പൊടിയിടാന്‍; സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് ഗവേഷക വിദ്യാര്‍ത്ഥി

തിരുവനന്തപുരം: ജാതി വിവേചന ആരോപണ വിധേയനായ എം ജി സര്‍വകലാശാലയിലെ അധ്യാപകനെ മാറ്റിയ നടപടി കണ്ണില്‍ പൊടിയിടാനെന്ന്, പരാതി ഉന്നയിച്ച ഗവേഷക വിദ്യാര്‍ത്ഥി. സര്‍വകലാശാലയുടെ നടപടി തള്ളിയ ഗവേഷക വിദ്യാര്‍ഥിനി ദീപ പി. മോഹന്‍ സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് പറഞ്ഞു.

നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി വകുപ്പ് മേധാവി നന്ദകുമാര്‍ കളരിക്കലിനെതിരെയാണ്, ഗവേഷക വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്ന് സര്‍വകലാശാലാ ഉന്നതാധികാര സമിതി യോഗം നടപടിയെടുത്തത്. പിന്നാലെ നാനോ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ചുമതല വിസി ഏറ്റെടുത്തു. വിദേശത്തായതിനാലാണ് നന്ദകുമാറിനെ നീക്കിയതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം

അതേസമയം, നന്ദകുമാറിനെ വകുപ്പില്‍ നിന്നും പിരിച്ചു വിടണമെന്ന ആവശ്യത്തില്‍ ദീപ പി. മോഹന്‍ ഉറച്ചുനിന്നു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസിനെ മാറ്റാന്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.

നന്ദകുമാര്‍ കളരിക്കലിന്റെ നേതൃത്വത്തില്‍ സര്‍വകലാശാല അധികൃതര്‍ ദ്രോഹിച്ചതായും ജാതി വിവേചനം കാട്ടിയെന്നുമാണ് ദീപയുടെ പരാതി. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിച്ചില്ലെന്നും ടിസി തടഞ്ഞുവച്ചെന്നും ദീപ പരാതയില്‍ പറയുന്നു.