'ദേശാഭിമാനി തുടങ്ങാന്‍ ബ്രിട്ടീഷുകാരില്‍ നിന്ന് പണംവാങ്ങി'; സന്ദീപ് വാര്യരുടെ 'ക' ഫെസ്റ്റിവെലിലെ പരാമര്‍ശം; നോട്ടീസ് അയച്ച് സിപിഎം മുഖപത്രം

സിപിഎം മുഖപത്രമായ ദേശാഭിമാനി തുടങ്ങാന്‍ ബ്രിട്ടീഷുകാരില്‍ നിന്ന് പണംവാങ്ങിയെന്ന് മാതൃഭൂമി ‘ക’ ഫെസ്റ്റ്‌വെല്ലില്‍ പ്രസ്താവന നടത്തിയ ബിജെപി നേതാവ് സന്ദീപ് വാര്യക്കെതിരെ നിയമനടപടിയുമായി ദേശാഭിമാനി.

സത്യവിരുദ്ധമായ പ്രസ്താവന തിരുത്തി മാധ്യമങ്ങള്‍ വഴി പരസ്യമായി മാപ്പ് പറയണമെന്ന് ജനറല്‍ മാനേജര്‍ കെ ജെ തോമസ്, അഡ്വ. എം രാജഗോപാലന്‍ നായര്‍ മുഖേന അയച്ച വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.

മാതൃഭൂമി ‘ ക ‘ ഫെസ്റ്റിവെലില്‍ ‘ ബഹുസ്വരത ‘ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് ദേശാഭിമാനി പത്രം തുടങ്ങാന്‍ കമ്മ്യൂണിസ്റ്റുകാര്‍ ബ്രിട്ടീഷുകാരില്‍ നിന്ന് പണംവാങ്ങിയെന്നും തടര്‍ന്ന് മാധ്യമം അവരെ സഹായിച്ചുവെന്നും സന്ദീപ് പറഞ്ഞത്.

ഏതെങ്കിലും തെളിവിന്റെയൊ ‘ ഡാറ്റ ‘ യുടെയോ അടിസ്ഥാനത്തിലല്ല സന്ദീപ് വാര്യരുടെ പ്രസ്താവനകള്‍. ദേശാഭിമാനിയേയും സിപിഎമ്മിനേയും കരിവാരിത്തേച്ച് അധിക്ഷേപിക്കുകയെന്ന ഒറ്റലക്ഷ്യം വച്ചുമാത്രമാണ് ഇത്തരം അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങള്‍ ചൊരിഞ്ഞത്.

ആയിരക്കണക്കായ പാവപ്പെട്ട തൊഴിലാളികള്‍ നല്‍കിയ സംഭാവനയും ഇഎംഎസിന്റെ കുടുംബസ്വത്ത് വിറ്റുകിട്ടിയ അരലക്ഷം രൂപയും കൊണ്ടാണ് ദേശാഭിമാനി ആരംഭിച്ചത്. വര്‍ഗീയതയ്ക്കും ഫാസിസത്തിനും മുതലാളിത്തത്തിനും എതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ 80 വര്‍ഷത്തെ ചരിത്രമുള്ള ദേശാഭിമാനിയെ തളര്‍ത്താനും പൂട്ടിക്കാനുമുള്ള അനവധിശ്രമങ്ങളെ അതിജീവിച്ചാണ് വളര്‍ന്നതെന്നും ദേശാഭിമാനി പറയുന്നു. പത്രത്തേയും പാര്‍ട്ടിയേയും അപഹസിക്കാനായി മനപ്പൂര്‍വ്വം നടത്തിയ പരാമര്‍ശം പിന്‍വലിക്കെണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.