മെഗാ തിരുവാതിര; അതൃപ്തി അറിയിച്ച് സി.പി.എം സംസ്ഥാന നേതൃത്വം, വീഴ്ച സമ്മതിച്ച് ജില്ലാ സെക്രട്ടറി

സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് മെഗാ തിരുവാതിര നടത്തിയതില്‍ അതൃപ്തി അറിയിച്ച് സംസ്ഥാന നേതൃത്വം. രക്തസാക്ഷിയെ അപമാനിക്കുന്ന തരത്തിലായിപ്പോയി തിരുവാതിര, പാര്‍ട്ടി വികാരം മനസ്സിലാക്കി പരിപാടി മാറ്റിവെയ്ക്കേണ്ടതായിരുന്നു എന്നും നേതൃത്വം വിലയിരുത്തി. സംഭവത്തെ കുറിച്ച് ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചു.

അതേ സമയം മെഗാ തിരുവാതിര നടത്തിയതില്‍ പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചു എന്ന് ജില്ലാ നേതൃത്വവും സമ്മതിച്ചു. എല്ലാവരും തയ്യാറായി വന്നപ്പോള്‍ മാറ്റിവെയ്ക്കാന്‍ പറയാന്‍ പറ്റിയില്ല എന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ആരും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും തിരുവാതിരയില്‍ പങ്കെടുത്തവര്‍ക്ക് അകലം പാലിക്കാന്‍ കളം വരച്ചിരുന്നു എന്നും ജില്ലാ നേതൃത്വം പറഞ്ഞു. തിരുവാതിര കളി മാറ്റിവെയ്‌ക്കേണ്ടതായിരുന്നു എന്നും അശ്രദ്ധ കൊണ്ടാണ് അത് നടന്നത് എന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. തിരുവാതിര ഒഴിവാക്കണമായിരുന്നു എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു.

പാറശാല ജനാധിപത്യ മഹിള അസോസിയേഷന്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ചെറുവാരക്കോണം സി.എസ്.ഐ സ്‌കൂള്‍ മൈതാനത്ത് തിരുവാതിര അവതരിപ്പിച്ചത്. പരിപാടിക്കെതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ സി.പി.എം മെഗാ തിരുവാതിര നടത്തിയതിനെതിരെ തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റ് എം.മുനീര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ജില്ലാ പഞ്ചായത്ത് അംഗമടക്കം കണ്ടാലറിയാവുന്ന 550 പേര്‍ക്കെതിരെ പാറശാല പൊലീസ് കേസെടുത്തു. തിരുവാതിരയില്‍ പങ്കെടുത്തവര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ സാന്നിദ്ധ്യത്തിലായിരുന്നു മെഗാ തിരുവാതിര കളി നടന്നത്. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എന്‍.രതീന്ദ്രന്‍, പുത്തന്‍കട വിജയന്‍ അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.