ഓട്ടിസം ബാധിച്ച കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; പൊലീസിനെതിരെ ആരോപണവുമായി  കുട്ടിയുടെ അമ്മ

തിരുവനന്തപുരം ശ്രീകാര്യത്ത് ഓട്ടിസം ബാധിച്ച വിദ്യാര്‍ത്ഥി പീഡനത്തിന് ഇരയായതായി മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം
റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയതായും മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ വ്യക്തമാക്കി. പ്രതിയായ അധ്യാപകന്‍ സന്തോഷ് കുമാറിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.സന്തോഷ് ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

അതേസമയം, പൊലീസിനെതിര വിദ്യാര്‍ത്ഥിയുടെ അമ്മ രംഗത്തെത്തി. മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നിട്ടും അറസ്റ്റ് വൈകുന്നതായും പ്രതിയായ അധ്യാപകന്‍ സന്തോഷ് കുമാര്‍ തിരുവനന്തപുരത്ത് തന്നെ ഉണ്ടെന്ന് പൊലീസ് പറഞ്ഞതായും അമ്മ പറഞ്ഞു.

എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കാത്തതിനാലാണ്  അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാകാതിരുന്നത്. ഇപ്പോള്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ നിലവില്‍ ഒളിവിലാണ്.

കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത പ്രകടമായതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്നാണ് മാതാവ് പരാതി നല്‍കിയത്. പീഡനം നടന്നതായി കുട്ടിയുടെ മൊഴിയിലും വ്യക്തമാണ്. കുട്ടിയുടെ നെഞ്ച് ഭാഗത്ത് അടക്കമുള്ള ചതവുകള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മാനസികാരോഗ്യ വിദഗ്ദരും സ്പീച്ച് തെറാപ്പിസ്റ്റും അടങ്ങുന്ന മൂന്നംഗ മെഡിക്കല്‍ സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്

ബാലാവകാശ കമ്മീഷനും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസിനോട് നിര്‍ദ്ദേശിച്ചുവെന്നാണ് കമ്മിഷന്‍ അധ്യക്ഷന്‍ പി സുരേഷ് അറിയിച്ചിരിക്കുന്നത്.