സയനൈഡ് ലഭിക്കാന്‍ രണ്ടു കുപ്പി മദ്യവും 5000 രൂപയും പ്രജികുമാറിന് നല്‍കിയെന്ന് മാത്യു

കൂടത്തായി കൊലപാതക പരമ്പരയിൽ കൂട്ടുപ്രതിയായ എം.എസ് മാത്യുവിന്റെ മൊഴി പുറത്ത്. സയനൈഡ് ലഭിക്കാൻ രണ്ടുകുപ്പി മദ്യവും 5000 രൂപയും പ്രജികുമാറിനു നൽകി. രണ്ടുതവണ ചോദിച്ചെങ്കിലും ഒരു തവണ മാത്രമാണ് സയനൈഡ് നൽകിയതെന്നും അന്വേഷണസംഘത്തോട്  മാത്യു പറഞ്ഞു. പെരുച്ചാഴിയെ കൊല്ലാനെന്നു പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിച്ചതെന്നു പ്രജികുമാർ മൊഴി നൽകിയിരുന്നു. എന്നാൽ രണ്ട് തവണ മാത്യു തനിക്കു സയനൈഡ് നൽകിയെന്നു ജോളി പറഞ്ഞിരുന്നു മൊഴികളിലെ വൈരുദ്ധ്യം  പൊലീസിനെ ആശയക്കുഴപ്പത്തില്‍ ആക്കിയതോടെയാണ് പാെലീസ് ഇതിൽ വ്യക്തത തേടിയത്. പ്രജികുമാറിനു പുറമേ മറ്റൊരാളിൽ നിന്നുകൂടി സയനൈഡ് വാങ്ങിയിരുന്നതായി പ്രതികൾ സമ്മതിച്ചിരുന്നു.

അതിവിദഗ്ധമായാണു ജോളി കൊലപാതകങ്ങൾ നടത്തിയത്. ഇതു മിടുക്കല്ല, പ്രത്യേകതരം മാനസികാവസ്ഥയാണെന്നും ജോളിയുടേതു ഇരട്ട വ്യക്തിത്വമാണെന്നും എസ്പി കെ.ജി. സൈമൺ വ്യക്തമാക്കിയിരുന്നു. കൊലപാതകങ്ങൾ നടത്തിയെങ്കിലും നാട്ടിൽ ബഹുമാനിക്കപ്പെടുന്ന വ്യക്തിയായിരുന്നു ജോളി. സ്ത്രീ തനിച്ച് ഇങ്ങനെ ചെയ്യുമോ എന്നു സംശയിക്കേണ്ടതില്ല. എൻഐടിയിൽ അസി. പ്രൊഫസർ ആണെന്ന് 14 വർഷം ഭർത്താവിനെയും വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ച സ്ത്രീക്ക് ഇതെല്ലാം സാധിക്കും. കൊലപാതകങ്ങൾ നടത്തിയതിൽ ജോളിക്കു വിഷമമില്ല. എന്നാൽ തന്നെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വരുന്നതിൽ ജോളി അസ്വസ്ഥയാണ്. മക്കളുടെ പഠനം മുടങ്ങുമെന്നും ആശങ്ക പ്രകടിപ്പിക്കാറുണ്ട്– എസ്‌പി പറഞ്ഞു. കൊലപാതകത്തിനു ജോളി ഉപയോഗിച്ചതു പൊട്ടാസ്യം സയനൈഡ് അല്ല. സോഡിയം സയനൈഡോ മറ്റോ ആണെന്നു പൊലീസ് കരുതുന്നു. പൊട്ടാസ്യം സയനൈഡിനു വലിയ വിലയാണ്. പത്രവാർത്തകളിലൂടെയാണു സയനൈഡിനെ കുറിച്ച് അറിഞ്ഞതെന്നാണു ജോളി ചോദ്യംചെയ്യലിൽ പറഞ്ഞതെന്ന് പൊലീസ് പറയുന്നു.

അതേസമയം അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം കൊല്ലപ്പെട്ട റോയിയുടെ സഹോദരനും പരാതിക്കാരനുമായ റോജോ  നാട്ടിലെത്തി. അമേരിക്കയിൽ നിന്നും ഇന്ന് പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ റോജോ വൈക്കത്തുള്ള സഹോദരി റഞ്ചിയുടെ വീട്ടേക്കു പോയി. നാളെ വടകര റൂറൽ എസ്പി ഓഫീസിൽ വെച്ച് അന്വേഷണ സംഘം റോജോയുടെ മൊഴിയെടുക്കും. സംഭവത്തിൽ ജോളിയുടെ ഭർത്താവ് ഷാജു സക്കറിയയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. മുഖ്യപ്രതി ജോളിയുടെ കുടെയിരുത്തിയാകും ചോദ്യം ചെയ്യല്‍. ഭാര്യയായിരുന്ന സിലിയുടെയും മകൾ ഒന്നര വയസ്സുകാരി ആൽഫൈനിന്റെയും മരണങ്ങളിൽ മുമ്പും  അന്വേഷണ സംഘം ഷാജുവിനെ ചോദ്യം ചെയ്തിരുന്നു.